തമിഴ് നാട് വെള്ളമെടുത്തു, തേക്കടിയിൽ ജലനിരപ്പ് താഴ്ന്നു; സീസണിൽ ബോട്ട് സവാരി പ്രതിസന്ധിയിലേക്ക്
text_fieldsജലനിരപ്പ് താഴ്ന്ന തേക്കടി തടാകത്തിൽ ബോട്ട് സവാരിക്കായി പോകുന്ന സഞ്ചാരികൾ
കുമളി: മുല്ലപ്പെരിയാറിൽനിന്ന് തമിഴ്നാട് നിയന്ത്രണമില്ലാതെ ജലം എടുത്തതോടെ വിനോദ സഞ്ചാര സീസണിൽ തേക്കടി തടാകത്തിലെ ബോട്ട് സവാരി പ്രതിസന്ധിയിലേക്ക്. അണക്കെട്ടിലെ ജലനിരപ്പ് 113.90 അടിയിലേക്ക് താഴ്ന്നതോടെയാണ് മരക്കുറ്റികൾ നിറഞ്ഞ തേക്കടി തടാകത്തിലെ ബോട്ട് സവാരി വിഷമകരമായത്.
തമിഴ്നാട്ടിലേക്ക് നിയന്ത്രണമില്ലാതെ ജലം ഒഴുക്കിയതോടെയാണ് അണക്കെട്ടിലും തടാകത്തിലും ജലനിരപ്പ് താഴ്ന്നത്. അണക്കെട്ട് നിർമ്മാണത്തോടെ രൂപപ്പെട്ട തടാകവും ജലം സംഭരിക്കപ്പെട്ടതോടെ മുങ്ങിയ മരങ്ങളുടെ കുറ്റികളുമാണ് തടാകത്തിലുള്ളത്. ജലനിരപ്പ് താഴുന്നതോടെ മരക്കുറ്റികളുടെ മുകൾ ഭാഗം തടാകത്തിൽ കൂടുതൽ സ്ഥലങ്ങളിൽ ഉയർന്നുവരും. ഇവയിൽ തട്ടാതെ വേണം പ്രത്യേക ഭാഗത്തു കൂടി ബോട്ട് സവാരി നടത്താൻ. ഇതാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.
ജലനിരപ്പ് 113. 90 അടി ഉണ്ടെങ്കിലും ഇത്രയും ആഴത്തിൽ ജലമുള്ളത് അണക്കെട്ടിന് സമീപത്ത് മാത്രമാണ്. ബോട്ട് സവാരി തുടങ്ങുന്ന തേക്കടി ബോട്ട്ലാൻറിങ് ഭാഗത്ത് ജലനിരപ്പ് 50 അടിയിൽ താഴെയാണ്. ജലനിരപ്പ് വീണ്ടും താഴ്ന്നാൽ ഇപ്പോഴുള്ള ഭാഗത്ത് ബോട്ട് അടുപ്പിക്കാനോ സഞ്ചാരികളെ കയറ്റാനോ കഴിയില്ല. ഇതും ആശങ്കക്കിടയാക്കുന്നുണ്ട്. മധ്യവേനൽ അവധിക്കാലമായതോടെ കുട്ടികളുമായി നിരവധി കുടുംബങ്ങളാണ് തേക്കടി കാണാൻ എത്തുന്നത്.
തമിഴ്നാട് ഉൾപ്പടെ പല ഭാഗത്തു നിന്നും സഞ്ചാരികൾ ജൂൺ പകുതി വരെ തേക്കടിയിലേക്ക് എത്തുമെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. തടാകത്തിലെ ബോട്ട് സവാരിയും ഇതുവഴി വനമേഖലയിലും തടാകതീരത്തും കാണപ്പെടുന്ന വന്യജീവികളെയും കാണുന്നതിനാണ് സഞ്ചാരികൾ തേക്കടിയിലേക്ക് എത്തുന്നത്. ജലനിരപ്പ് താഴ്ന്ന് ബോട്ട് സവാരി തടസ്സപ്പെട്ടാൽ വരുന്ന സഞ്ചാരികൾ നിരാശരായി മടങ്ങേണ്ടി വരുമെന്നതാണ് വിനോദ സഞ്ചാര മേഖലയെ ആശങ്കയിലാക്കുന്നത്.
തേക്കടിക്ക് വാ... പുള്ളിമാനെ കാണാം..
കുമളി: ഒടുവിൽ തേക്കടിയെ തേടി പുള്ളിമാൻ കൂട്ടവും എത്തി. പുള്ളിമാനുകളെ കാണാനും ഫോട്ടോ എടുക്കാനുമായി മറ്റു വനമേഖലയിലേക്ക് പോകുന്നവർക്ക് സന്തോഷം പകരുന്നതാണ് തേക്കടിയിലെ പുള്ളിമാനുകളുടെ വരവ്. കേരളത്തിൽ പറമ്പിക്കുളം വന്യജീവി സങ്കേതത്തിലാണ് പുള്ളിമാൻ കൂട്ടങ്ങൾ ധാരാളമായി ഉള്ളത്. തേക്കടി തടാകതീരത്ത് കഴിഞ്ഞ ദിവസമാണ് പുള്ളിമാൻ കൂട്ടത്തെ വിനോദ സഞ്ചാരികൾ കണ്ടത്. സാധാരണയായി മ്ലാവ്, കേഴ എന്നിവയെയാണ് തടാകതീരത്ത് കണ്ടത്.
തമിഴ്നാട് അതിർത്തി വനം വഴി ഇടക്ക് മംഗളാദേവി ഭാഗത്തും തടാകതീരത്തും ഒന്നോ രണ്ടോ പുള്ളി മാനുകൾ ഇടക്ക് കാണപ്പെടാറുണ്ടെങ്കിലും കൂട്ടത്തോടെ പുളളിമാനുകളെ കാണപ്പെട്ടത് ഇതാദ്യമായാണ്. വേഗത്തിൽ വംശവർധനവുണ്ടാകുന്ന പുളളിമാനുകൾ പെരിയാർ കടുവ സങ്കേതത്തിൽ ഉണ്ടാകുന്നത് പുലി, കടുവ എന്നിവക്ക് ഇര തേടുന്നത് എളുപ്പമാക്കും. പുള്ളിമാനുകളെ വേഗത്തിൽ പിടികൂടാനാവുമെന്നതാണ് ഇതിന് കാരണം. തടാകതീരത്ത് പുള്ളിമാനുകളുടെ കൂട്ടങ്ങൾ മേയുന്നത് തേക്കടിയുടെ അഴക് വർധിപ്പിക്കുമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.