വീടിനു ചുറ്റും ‘കുടുംബസമേതം’ കരടികൾ; ഭയന്നു വിറച്ച് വീട്ടമ്മ
text_fieldsമുല്ലയാറിലെ വീട്ടുമുറ്റത്തെത്തിയ കരടിക്കുട്ടികൾ
കുമളി: വീടിന് സമീപം രാത്രിയിൽ നിരന്തരം ഉണ്ടാകുന്ന ശബ്ദങ്ങൾ കേട്ട്, ഇത് എന്താണെന്നറിയാൻ സ്ഥാപിച്ച കാമറയിലെ ദൃശ്യങ്ങൾ കണ്ട് ഭയന്നു വിറച്ച് വീട്ടമ്മ. ഒന്നിന് പിറകെ ഒന്നായി അഞ്ച് കരടികൾ വീട്ടുമുറ്റത്തേക്ക് ഇറങ്ങി ചുറ്റിനടക്കുന്ന ദൃശ്യമാണ് സി.സി.ടി.വിയിൽ പതിഞ്ഞത്.
പെരിയാർ കടുവ സങ്കേതത്തോട് ചേർന്ന മുല്ലയാറിലെ ജനവാസ മേഖലയിലാണ് കുടുംബസമേതം കരടിയെത്തുന്നത്. ഇവിടെ താമസിക്കുന്ന മുല്ലയാർ സ്വദേശി പത്മരാഗം വീട്ടിൽ ഇന്ദുലേഖ രതീഷിന്റെ വീട്ടു മുറ്റത്താണ് കരടിക്കൂട്ടം എത്തുന്നത്.
മാതാപിതാക്കളായ രണ്ട് കരടികൾക്കൊപ്പം മൂന്ന് കുട്ടിക്കരടികളുമാണ് രാത്രിയാകുമ്പോൾ വീട്ടുമുറ്റത്തേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം രാത്രി 7.45ഓടെ രണ്ട് കുട്ടികൾ മാത്രം വീടിനു ചുറ്റും നടന്ന ശേഷം മടങ്ങി പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
ഇന്ദുലേഖയുടെ വീടിന് സമീപം ആലപ്പുഴ സ്വദേശിയുടെ നാൽപ്പത് ഏക്കറോളം വരുന്ന സ്ഥലം കാടുപിടിച്ച് കിടക്കുന്നുണ്ട്. ഇതിനുള്ളിലെ പാറയുടെ ഇടയിലാണ് കാടിറങ്ങി വന്ന കരടി കുടുംബത്തിന്റെ വാസം.
പെരിയാർ കടുവ സങ്കേതത്തിൽനിന്ന് വന്യജീവികൾ നാട്ടിലേക്കിറക്കാതിരിക്കാൻ വൈദ്യുതി വേലികൾ നിർമിച്ചിരുന്നു. ഇത് നിർമിക്കും മുമ്പേയാണ് കാടിറങ്ങിയ കരടികൾ കാടുപിടിച്ച കൃഷിയിടത്തിൽ വാസം തുടങ്ങിയതെന്നാണ് വനപാലകർ പറയുന്നത്. പ്രദേശത്ത് കൂടുതൽ കാമറകൾ സ്ഥാപിച്ച് നിരീക്ഷിക്കാനും കൂടുകളിൽ കെണിയൊരുക്കി കരടികളെ പിടികൂടി വനമേഖലക്കുള്ളിലേക്ക് തിരികെ വിടാനുമാണ് വനം വകുപ്പിന്റെ നീക്കം.


