വണ്ടിപ്പെരിയാറിൽ വൻ തീപിടിത്തം
text_fieldsകുമളി: വണ്ടിപ്പെരിയാർ ടൗണിലെ കെട്ടിടത്തിൽ ശനിയാഴ്ച പുലർച്ചയുണ്ടായ തീപിടിത്തത്തിൽ കോടികളുടെ നഷ്ടം. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള കെട്ടിടമാണ് അഗ്നിക്കിരയായത്. പുലർച്ച രണ്ട് മണിയോടെ ഉണ്ടായ തീപിടിത്തം രാവിലെ ആറോടെയാണ് അണക്കാനായത്. കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ആറ് വ്യാപാര സ്ഥാപനങ്ങളും ഗോഡൗണും ഓഫിസും കത്തിനശിച്ചു. മൂന്ന് കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കപ്പെടുന്നത്. വണ്ടിപ്പെരിയാർ ടൗണിൽ പശുമല കവലയിലെ കെ.ആർ ബിൽഡിങ്ങിലാണ് അഗ്നിബാധ ഉണ്ടായത്.
നാട്ടുകാരും പൊലീസും ചേർന്ന് തീയണക്കാൻ നടത്തിയ ശ്രമങ്ങൾ വിഫലമായി. തുടർന്ന് പീരുമേട് അഗ്നിരക്ഷാ സേനയിലെ രണ്ട് യൂനിറ്റ് തീയക്കാനുള്ള നടപടി ആരംഭിച്ചെങ്കിലും വാഹനത്തിലെ വെള്ളം തീർന്നതോടെ ജോലികൾ തടസ്സപ്പെട്ടു. പിന്നീട് കാഞ്ഞിരപ്പള്ളി, കട്ടപ്പന എന്നിവിടങ്ങളിൽനിന്ന് കൂടുതൽ അഗ്നി ശമനയൂനിറ്റുകളെത്തി തീ നിയന്ത്രിക്കാൻ ശ്രമം തുടരുകയായിരുന്നു.
എങ്കിലും രാവിലെ ആറ് മണിയോടെയാണ് തീപൂർണമായും അണക്കാനായത്. ഇതിനകം അഗ്നിക്കിരയായ കെട്ടിടത്തിൽ ഉണ്ടായിരുന്ന അരുൾ എന്റർപ്രൈസസ്, അമീർ സ്പെയർ പാർട്സ്, സെന്റ് ആന്റണീസ് ഹോം അപ്ലയൻസസ്, ഗിഫ്റ്റ് ഫാൻസിസ്റ്റോഴ്സ്, ഗ്ലോറി കമ്പ്യൂട്ടർ സെന്റർ, ചോയ്സ്ഡ്രൈവിങ് സ്കൂൾ ഓഫിസ് എന്നീ സ്ഥാപനങ്ങൾ പൂർണമായും കത്തിനശിച്ചു. കെട്ടിടത്തിലെ ഗോഡൗണിൽനിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം. ഇവിടെ പ്രവർത്തിച്ചിരുന്ന അരുൾ എന്റർപ്രൈസസ് എന്ന വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിൽനിന്നാണ് തീ പടർന്നതെന്നാണ് പുറത്തു വരുന്ന വിവരം.
ബ്രിട്ടീഷ് ഭരണകാലത്ത് തടിയും കല്ലും കൊണ്ടു നിർമിച്ച കെട്ടിടമാണ് തീ കത്തിനശിച്ചത്. നിർമാണത്തിനു ഉപയോഗിച്ചിരുന്ന തടിയിൽ തീപിടിച്ചതും കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്പെയർ പാർട്സ് കടയിലെ ഓയിൽ ടിന്നുകൾ, ഗോഡൗണിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക്കുകൾ എന്നിവയിൽ തീപടർന്നതുമാണ് വലിയ തീപിടിത്തത്തിനിടയാക്കിയത്.
ഇത്, അഗ്നിബാധയുടെ വ്യാപ്തി വർധിപ്പിച്ചു. വ്യാപാര സ്ഥാപനങ്ങളും ഗോഡൗണുകളും എല്ലാം കത്തിച്ചാമ്പലായത് കോടികളുടെ നഷ്ടമാണ് വരുത്തിയതെന്ന് വ്യാപാരികൾ പറയുന്നു.