വയോധികയുടെ വായിൽ തുണി തിരുകി സ്വർണം മോഷ്ടിച്ചു; ബന്ധുക്കൾ പിടിയിൽ
text_fieldsവണ്ടിപ്പെരിയാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാൽ തങ്കം
കുമളി: വീട്ടില്‍ അതിക്രമിച്ച് കയറി വയോധികയുടെ വായില്‍ തുണി തിരുകി സ്വർണം കവര്‍ന്നു. വണ്ടിപ്പെരിയാർ മൗണ്ട് കുഴിവേലിയില്‍ പാല്തങ്ക (71)ത്തിന്റെ രണ്ടര പവന് സ്വര്‍ണമാലയും കമ്മലുമാണ് മോഷ്ടിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ച മൂന്നരയോടെയായിരുന്നു സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് വയോധികയുടെ രണ്ട് ബന്ധുക്കൾ പൊലീസ് പിടിയിലായതായാണ് വിവരം. പാൽ തങ്കം ഒറ്റക്ക് താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഇവർ വായിൽ തുണി തിരുകിയശേഷം കത്തി കാട്ടി സ്വര്‍ണം ഊരിത്തരാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് മാലയും കമ്മലും ഊരി നല്കി. വിവരം പുറത്തായാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് മോഷ്ടാക്കള്‍ കടന്നത്.
സംഭവശേഷം, പാൽ തങ്കം സമീപത്ത് താമസിക്കുന്ന മകന്റെ വീട്ടിലെത്തി വിവരം പറഞ്ഞു. ഇവര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായിരുന്നില്ല. മോഷണത്തിനിടെ ചെവിക്ക് പരിക്കേറ്റ പാല്തങ്കത്തെ പിന്നീട് വണ്ടിപ്പെരിയാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇൻസ്പെക്ടർ സുവർണ കുമാർ, എസ്.ഐ ജയകൃഷ്ണൻ എന്നിവർ ചേർന്ന് ബന്ധുക്കളായ യുവാക്കളെ പിടികൂടിയതെന്നാണ് വിവരം. മോഷ്ടിച്ച സ്വർണവും കണ്ടെടുത്തതായാണ് സൂചന.