വണ്ടിപ്പെരിയാർ പാലം പൈതൃക നിർമിതി, അമ്മച്ചിക്കൊട്ടാരം സംരക്ഷിത സ്മാരകം
text_fieldsനൂറ് വര്‍ഷത്തിലധികം പഴക്കമുള്ള വണ്ടിപ്പെരിയാർ പാലം
കുമളി: പീരുമേട് മണ്ഡലത്തിലെ നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള വണ്ടിപ്പെരിയാർ പാലത്തെ പൈതൃക നിർമിതിയായി പ്രഖ്യാപിക്കുമെന്ന് നിയമസഭയിൽ മന്ത്രിയുടെ ഉറപ്പ്. കുട്ടിക്കാനം അമ്മച്ചിക്കൊട്ടാരത്തെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കാനും നടപടി സ്വീകരിക്കുമെന്ന് പുരാവസ്തു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വ്യക്തമാക്കി.
വാഴൂർ സോമൻ എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. വണ്ടിപ്പെരിയാര്‍ പാലത്തിന് ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട്.
തിരക്കേറിയ വാഹന സഞ്ചാരമുള്ളതിനാൽ 1968ലെ കേരള പ്രാചീന സ്മാരക പുരാവസ്തു സങ്കേത പുരാവശിഷ്ട ആക്ട് പ്രകാരം സംരക്ഷിത സ്മാരകമാക്കുന്നത് പ്രായോഗികമല്ല.
കുട്ടിക്കാനത്തെ അമ്മച്ചിക്കൊട്ടാരം
അതിനാൽ ജില്ലയുടെ പ്രധാന പൈതൃക അടയാളങ്ങളിലൊന്നായ പാലത്തെ പൈതൃക നിർമിതിയായി പ്രഖ്യാപിച്ച് സംസ്ഥാന ആര്‍ട്ട് ആന്‍ഡ് ഹെറിറ്റേജ് കമീഷന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികളാണ് പുരാവസ്തു വകുപ്പ് നിര്‍ദേശിച്ചിട്ടുള്ളത്.
കുട്ടിക്കാനത്തെ അമ്മച്ചിക്കൊട്ടാരം സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കാൻ ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിന് ഇടുക്കി കലക്ടര്‍ക്ക് പുരാവസ്തു വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഇത് ലഭിക്കുന്നതോടെ സംരക്ഷിത സ്മാരക പ്രഖ്യാപനം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.