കടുവയുടെ കാലിൽ കമ്പിക്കുരുക്ക്; വനം വകുപ്പിന് കുരുക്കാവുമോ?
text_fieldsവെടിയേറ്റ് വീണ കടുവയെ തേയിലത്തോട്ടത്തിൽനിന്ന് പുറത്തെടുക്കുന്നു ( ഇൻസൈറ്റിൽ കടുവയുടെ കാലിൽ കാണപ്പെട്ട കമ്പിയും മുറിവും)
കുമളി: വനമേഖല വിട്ട് നാട്ടിലിറങ്ങി ഭീതിവിതച്ച കടുവയെ കൊന്ന് നാട്ടുകാരുടെ ആശങ്ക അകറ്റാനായെങ്കിലും കടുവയുടെ കാലിൽ കണ്ടെത്തിയ കുരുക്ക് വനം വകുപ്പിന് തലവേദനയായി.
വനാതിർത്തിയോട് ചേർന്നും തേയിലത്തോട്ടങ്ങളിലെ ചില ഭാഗങ്ങളിലും ഇപ്പോഴും തുടരുന്ന മൃഗവേട്ടയുടെ സൂചനകളാണ് കടുവയുടെ കാലിലെ കമ്പിക്കുരുക്ക് വ്യക്തമാക്കുന്നതെന്നാണ് വിവരം. തിങ്കളാഴ്ച കൊല്ലപ്പെട്ട കടുവയുടെ ഇടതുകാലിനേറ്റ മുറിവാണ് ജനവാസ മേഖലയിലൂടെ ചുറ്റിത്തിരിഞ്ഞ് വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതിനിടയാക്കിയത്.
കടുവയുടെ കാലിൽ മുറിവേറ്റത് വേട്ടക്കാർ ഒരുക്കിയ കേബിൾ കുരുക്കിൽ കാല് ഉടക്കിയാണെന്ന് വ്യക്തമായി. കാലിൽ കുരുങ്ങിയ കമ്പി വലിയ മുറിവ് സൃഷ്ടിച്ച് കടുവക്ക് വലിയ ഇരകളെ വേട്ടയാടാൻ പറ്റാത്ത സ്ഥിതിയിലാക്കി. ഇതോടെ, വളർത്തുമൃഗങ്ങളായി കടുവയുടെ ലക്ഷ്യം.
തിങ്കളാഴ്ച പുലർച്ച വീടിനു സമീപത്തുണ്ടായിരുന്ന പശുവിനെയും നായ്ക്കളെയുമാണ് കടുവ അക്രമിച്ചത്. മുമ്പും രണ്ട് വളർത്തുമൃഗങ്ങളെ കടുവ പരിക്കേൽപിച്ചിരുന്നു. കാലിലേറ്റ പരിക്കിനൊപ്പം പ്രായത്താൽ ഉണ്ടായ അവശതകളും കടുവ തിരികെ കാട്ടിൽ കയറാതെ നാട്ടിൽ ചുറ്റിനടക്കാൻ കാരണമായതായി പറയപ്പെടുന്നു.