കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച എട്ട് കിലോ കഞ്ചാവുമായി സ്ത്രീ പിടിയിൽ
text_fieldsമുബീന
കുമളി : തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച എട്ട് കിലോ കഞ്ചാവുമായി കോയമ്പത്തൂർ സ്വദേശിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ, രത്നഗിരി സ്വദേശിനി മുബീനയാണ് (45) പിടിയിലായത്.
കമ്പത്ത് നിന്ന് കുമളിയിലേക്കുള്ള ബസിൽ കഞ്ചാവുമായി വരുന്നതിനിടെ ഗുഢല്ലൂരിൽ വെച്ചാണ് മുബീന പൊലീസ് പിടിയിലായത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ദേശീയപാതയിൽ പൊലീസ് വാഹനം പരിശോധിക്കുന്നത് കണ്ട മുബീന ബസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇൻസ്പെക്ടർ വനിതാമണിയും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെത്തിച്ച് വിൽപന നടത്താനുള്ള കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ വ്യാഴാഴ്ച ഉത്തമപാളയം കോടതിയിൽ ഹാജരാക്കും.