കോടതി ഉത്തരവിന് അവഗണന; നീതി കിട്ടാതെ അമ്മയും മകളും
text_fieldsകുമളി: സ്വന്തം വീട്ടിൽ കയറാനും താമസിക്കാനും കോടതി ഉത്തരവ് നൽകിയിട്ടും നടപ്പാക്കാൻ പോലീസ് മുൻകൈ എടുക്കാത്തതു കാരണം പെരുവഴിയിലായി അമ്മയും മകളും. വാഗമൺ, കോലഹലമേട്ടിൽ, പട്ടക്കുന്നേൽ വീട്ടിൽ പരേതനായ കുഞ്ഞൂഞ്ഞിന്റെ ഭാര്യ ലക്ഷ്മിയും മകൾ സാജനയുമാണ് പരാതിയുമായി രംഗത്തെത്തിയത്.
പിതാവ് മരിക്കുന്നതിനുമുമ്പ് നൽകിയ എട്ടു സെന്റ് ഭൂമിയിലെ വീട്ടിൽ മൂത്ത സഹോദരിയും ഭർത്താവും എത്തിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്ന് സാജന പറയുന്നു. മൂത്ത സഹോദരിയും ഭർത്താവും നിരന്തരം അക്രമവും വധഭീഷണിയും അപവാദ പ്രചരണങ്ങളും നടത്തുന്നതായും, മാതാവ് ലക്ഷ്മിയെ മർദിച്ച് വീട്ടിൽ നിന്നും ഇറക്കിവിട്ടതായും സാജന പറഞ്ഞു.
പിതാവ് മൂത്ത സഹോദരിക്ക് 10 സെന്റും സാജനക്ക് എട്ട് സെന്റ് ഭൂമിയുമാണ് നൽകിയത്. മൂത്ത സഹോദരി കിട്ടിയ 10 സെന്റ് സ്ഥലം വിറ്റ ശേഷമാണ് സാജനയുടെ വീട്ടിൽ താമസത്തിനെത്തിയത്. അധ്യാപികയായ സാജന ജോലിയുമായി ബന്ധപ്പെട്ട് രാജസ്ഥാനിൽ ഉള്ളപ്പോഴാണ് സഹോദരിയും ഭർത്താവും മക്കളും സാജനയുടെ വീട്ടിൽ താമസത്തിനെത്തിയത്. പിന്നീട് വീട് സ്വന്തമാക്കാനും സമീപത്തെ രണ്ട് ഏക്കർ സ്ഥലം കൈയേറാനും ശ്രമം നടത്തി. പതിറ്റാണ്ടുകൾക്ക് മുമ്പ് കുടുംബ സ്വത്തായിരുന്ന ഭൂമി പാലാ സ്വദേശിക്ക് വിൽപന നടത്തിയിരുന്നു. ഈ ഭൂമി കൈയേറാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇതിനു സമീപത്തെ എട്ടു സെന്റ് സ്ഥലവും വീടും കൈവശപ്പെടുത്തിയതെന്നും സാജനയും മാതാവ് ലക്ഷ്മിയും മാധ്യമങ്ങളോട് പറഞ്ഞു.
സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ച സഹോദരി പിന്നീട് ഭർത്താവുമൊന്നിച്ച് സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുകയും മൂന്ന് ലക്ഷത്തോളം രൂപയും എട്ട് പവനും വാങ്ങിയെടുക്കുകയും ചെയ്തു. പിതാവിന്റെ മരണത്തിനു ശേഷം സാജന സ്വന്തമായി പണിത വീട്ടിൽ കയറി താമസിച്ച് അക്രമം നടത്തുകയുമാണെന്ന് മാതാവ് ലക്ഷ്മി പറയുന്നു.
സഹോദരിയും ഭർത്താവും ഇവർക്ക് പിൻബലമായി വാഗമണ്ണിലുള്ള ചില പാർട്ടി പ്രവർത്തകരും ചേർന്ന് ആസൂത്രണം നടത്തിയാണ് കഴിഞ്ഞ ജൂലൈയിൽ മാതാവിനെയും തന്നെയും വെട്ടി പരിക്കേൽപ്പിച്ചതെന്നും സാജന പറഞ്ഞു. ഭൂമി, വീട് കൈയേറ്റങ്ങൾക്ക് പിന്നിൽ മാഫിയയിൽപ്പെട്ട സംഘമാണ്. സ്വന്തം വീട്ടിൽ നിന്നും മർദിച്ച് പുറത്താക്കിയതിനെ തുടർന്ന് വാടകക്ക് താമസിക്കുന്ന ഇരുവരെയും വീട്ടിൽ പ്രവേശിപ്പിക്കാനും താമസിപ്പിക്കാനും പൊലീസ് മുൻകൈ എടുക്കണമെന്ന് കോടതി ഉത്തരവ് നൽകിയിട്ടും ഇതേവരെ നടപടി ഉണ്ടായില്ലെന്നും ഇവർ പറയുന്നു.