ഓപറേഷൻ തൂഫാൻ; കഞ്ചാവും കഞ്ചാവ് ചെടിയും കണ്ടെത്തി, രണ്ടുപേർ പിടിയിൽ
text_fieldsകുമളി: ലഹരിക്കെതിരെ പൊലീസ് രംഗത്തിറങ്ങിയതോടെ കഞ്ചാവുമായി രണ്ടുപേർ പിടിയിലാവുകയും കഞ്ചാവ് ചെടി കണ്ടെത്തുകയും ചെയ്തു. കുമളി സെൻട്രൽ ജംഗ്ഷനിൽ വാഹന പരിശോധനക്കിടെയാണ് 3.15 ഗ്രാം കഞ്ചാവുമായി കഞ്ഞിക്കുഴി സ്വദേശി ശ്രീരാഗ് ബിജു (22) പിടിയിലായത്. കുമളി ഇൻസ്പെക്ടർ അഭിലാഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംസ്ഥാന സർക്കാറിന്റെ ലഹരിവിരുദ്ധ നടപടിയായ ഓപറേഷൻ തൂഫാന്റെ ഭാഗമായി കുമളി പൊലീസ് നടത്തിയ പരിശോധനയിലാണ് ചെങ്കരയിൽനിന്ന് 85 സെ.മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തി.
ചെങ്കരയിലെ എസ്‌റ്റേറ്റിൽ അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലയത്തിനു സമീപമാണ് ചെടി കണ്ടെത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹൈറേഞ്ചിലെ കുമളി ഉൾപ്പടെ വിവിധ സ്ഥലങ്ങളിൽ കഞ്ചാവും എം.ഡി.എം.എ.യും വ്യാപകമാകുന്നതായി ‘മാധ്യമം’ കഴിഞ്ഞ ദിവസം വാർത്ത പുറത്തുവിട്ടിരുന്നു.
മറ്റൊരു കേസിൽ, വണ്ടിപ്പെരിയാറിൽ ഇഞ്ചിക്കാട് ഭാഗത്ത് ആരോമലിന്റെ വീട്ടിൽനിന്ന് 2.6 ഗ്രാം കഞ്ചാവ് ഇൻസ്പെക്ടർ അമൃത് സിംഗ് നായകവും സംഘവും കണ്ടെടുത്തത്. പരിശോധനകൾ തുടരുമെന്ന് പോലീസ് പറഞ്ഞു.ഇതിനിടെ, കുമളി അമരാവതി സ്കൂളിനു സമീപത്തെ ഒരു വീട് കേന്ദ്രീകരിച്ച് വലിയ തോതിൽ വിദ്യാർഥികൾക്കും യുവാക്കൾക്കും ലഹരി വിൽക്കുന്നത് തുടരുന്നതായി നാട്ടുകാർ പറയുന്നു. ഇരുചക്രവാഹനങ്ങളിലാണ് ഇവിടെ ആവശ്യക്കാർ എത്തുന്നത്.
ദേശീയപാതയിൽ സ്പ്രിങ് വാലിയിലെ ഒഴിഞ്ഞുകിടക്കുന്ന കാപ്പിത്തോട്ടം കേന്ദ്രീകരിച്ചും ലഹരിമരുന്ന് വ്യാപാരവും ഉപയോഗവും തുടരുന്നതായി വിവരമുണ്ട്. പൊലീസിന്റെ പട്രോളിങ് ശക്തമല്ലാത്തതും എക്സൈസ് പരിശോധന അതിർത്തിയിലെ ചെക്ക്പോസ്റ്റിൽ മാത്രമായി ഒതുങ്ങിയതുമാണ് ലഹരിസംഘങ്ങൾ സജീവമാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.


