ഇനിയില്ല സ്നേഹത്തിന്റെ ‘സെൽഫി’, ഒഴുകിയെത്തിയ ജനം അബ്ബാസിന് വിട നൽകി
text_fieldsഅബ്ബാസ്
കുമളി: തേക്കടിയിലെ ടൂറിസം രംഗത്ത് ഗൈഡായി പ്രവർത്തിക്കുമ്പോഴും റോസാപ്പൂക്കണ്ടം പുതുപ്പറമ്പിൽ പി.എസ്. അബ്ബാസ് (46) സമൂഹത്തിന് പ്രിയപ്പെട്ടവനായിരുന്നു. നിറഞ്ഞ ചിരിയുമായി അടുത്തെത്തി വിശേഷങ്ങൾ ചോദിച്ചറിഞ്ഞ്, ഒപ്പം നിന്നൊരു സെൽഫി അതായിരുന്നു അബ്ബാസിന്റെ രീതി.
തിങ്കളാഴ്ച വിനോദസഞ്ചാരികളുമായി സത്രത്തിനു പോയി മടങ്ങിയെത്തിയ ശേഷം, തേക്കടി റോഡരികിൽ നിൽക്കുമ്പോൾ കുഴഞ്ഞുവീണായിരുന്നു അബ്ബാസിന്റെ അന്ത്യം.
കുമളിയുടെ സാമൂഹിക, സാംസ്കാരിക മേഖലയിൽ സ്വന്തമായി വഴിതെളിച്ചെത്തിയ യുവാവ് കൂടിയായിരുന്നു അബ്ബാസ്. ടൂറിസം മേഖലയിലെ ആളുകളെ സംഘടിപ്പിച്ച് ടി.ടി.പി.എ എന്ന സംഘടനക്ക് നേതൃത്വംനൽകിയതിനൊപ്പം പഴയ കുമളി, കുമളി സഹോദരങ്ങൾ, രക്തദാതാക്കളുടെ ഗ്രൂപ് എന്നിങ്ങനെ വിവിധ വാട്സ്ആപ് ഗ്രൂപ്പുകൾ രൂപവത്കരിച്ച് നിരവധി പ്രവർത്തനങ്ങളും ചർച്ചകളും സംഘടിപ്പിക്കുന്നതിൽ അബ്ബാസ് അസാമാന്യമായ കഴിവ് പ്രകടിപ്പിച്ചിരുന്നു. കുമളിയിലെ സാധാരണക്കാരായ ജനങ്ങൾക്ക് ചികിത്സ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സർക്കാർ ആശുപത്രിയിൽ 24 മണിക്കൂർ അത്യാഹിത വിഭാഗവും മെച്ചപ്പെട്ട ചികിത്സയും വേണമെന്ന ചർച്ചകൾ ഗ്രൂപ്പുകളിൽ ഏറെ സജീവമായി നിലനിർത്തിയിരുന്നു. മെച്ചപ്പെട്ട ചികിത്സക്കായുള്ള പോരാട്ടം തുടരുന്നതിനിടയിൽ സ്വന്തം ജീവൻ തന്നെയാണ് അബ്ബാസിന് നഷ്ടമായതെന്ന് നാട്ടുകാർ കണ്ണീരോടെ ഓർക്കുന്നു.
ആരെയും അലോസരപ്പെടുത്താതെ എല്ലാവരോടും സ്നേഹത്തോടെ മാത്രം ഇടപ്പെട്ട് മുഴുവൻ ആളുകളുടെയും ഹൃദയത്തിൽ അബ്ബാസ് നേടിയ ഇരിപ്പിടം ചെറുതല്ലെന്ന് തെളിയിക്കുന്നതായിരുന്നു ഖബറടക്കത്തിനായി ഒഴുകിയെത്തിയ ജനക്കൂട്ടം.


