കുമളി ആശുപത്രിയിലെ ഉപകരണങ്ങൾക്ക് ജീവൻപകർന്ന് വിദ്യാർഥികൾ
text_fieldsകുമളി: സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിലെ നശിച്ചുതുടങ്ങിയ ഉപകരണങ്ങൾക്ക് പുതുജീവനേകി വണ്ടിപ്പെരിയാർ ഗവ. പോളിടെക്നിക് കോളജ് വിദ്യാർഥികൾ. നാഷണൽ സർവിസ് സ്കീം ടെക്നിക്കൽ സെല്ലിന്‍റെ പുനർജനി പ്രോജക്ടിന്‍റെ ഭാഗമായി നാൽപതോളം വളന്‍റിയർമാരും അധ്യാപകരും ചേർന്നാണ് ഉപകരണങ്ങൾ ശരിയാക്കിയത്.
വീൽചെയറുകൾ, സ്ട്രച്ചറുകൾ, എയർപോർട്ട് ചെയറുകൾ, ട്രോളികൾ എന്നിവയാണ് മൂന്നുദിവസംകൊണ്ട് നാൽപതോളം വിദ്യാർഥികൾ ചേർന്ന് അറ്റകുറ്റപ്പണി നടത്തിയത്. തുരുമ്പെടുത്ത് ഉപേക്ഷിക്കാറായ നിലയിലായിരുന്ന ഐ.വി ഫ്ലൂയിഡ് സ്റ്റാൻഡുകൾ, സ്ക്രീനുകൾ, ലോക്കറുകൾ, കട്ടിലുകൾ ഉപയോഗയോഗ്യമാക്കി.
കുമളി ഫാമിലി ഹെൽത്ത് സെന്‍ററിൽ നടന്ന പുനർജനി ക്യാമ്പ് കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഡെയ്സി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പോളിടെക്‌നിക് പ്രിൻസിപ്പൽ ഇൻ ചാർജ് ജോൺസൻ ആന്‍റണി, സ്ഥിരംസമിതി അധ്യക്ഷ ശാന്തി ഷാജിമോൻ, വാർഡ് മെംബർമാരായ വിനോദ് ഗോപി, രമ്യ, ആശുപത്രി സൂപ്രണ്ട് ഡോ. സാറ ആൻ ജോർജ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫിസർ ഇർഷാദ് ഖാദർ, നഴ്‌സിങ് ഓഫിസർ മേഴ്‌സി ചാക്കോ, ഹെൽത്ത് ഇൻസ്പെക്ടർ പി. മാടസ്വാമി എന്നിവര്‍ പങ്കെടുത്തു.


