മുല്ലപ്പെരിയാർ; സ്പിൽവേ ഷട്ടറുകൾ അടച്ചു
text_fieldsകുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് ഇടുക്കി ജലസംഭരണിയിലേക്ക് വെള്ളം തുറന്നുവിട്ട സ്പിൽവേ ഷട്ടറുകൾ തമിഴ്നാട് അടച്ചു. വ്യാഴാഴ്ച രാവിലെ 11 ഓടെയാണ് സ്പിൽവേയിലെ 10 ഷട്ടറുകളും തമിഴ്നാട് അടച്ചത്. ഇതോടെ ഇടുക്കിയിലേക്കുള്ള ജലം ഒഴുക്ക്പൂർണമായും നിലച്ചു.
അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായതോടെയാണ് തമിഴ്നാട് സ്പിൽവേ ഷട്ടറുകൾ താഴ്ത്തിയത്. അണക്കെട്ടിലേക്ക് നിലവിൽ 981.57 ഘന അടി ജലമാണ് ഒഴുകുന്നത്. തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 2117 ഘന അടി ജലം ഇപ്പോൾ തുറന്നുവിടുന്നു.
കഴിഞ്ഞ മാസം 29നാണ് മുല്ലപ്പെരിയാർ സ്പിൽവേ ഷട്ടറുകൾ തമിഴ്നാട് തുറന്നത്. സെക്കൻഡിൽ 250 ഘന അടി ജലമാണ് ആദ്യഘട്ടത്തിൽ ഇടുക്കിയിലേക്ക് ഒഴുക്കിയത്. ഇത് പിന്നീട് 363 ഘന അടിയാക്കി വർധിപ്പിച്ചിരുന്നു.
ജലം ഒഴുക്ക് നിർത്തുന്നതിന്റെ ഭാഗമായി ആദ്യം മൂന്ന് ഷട്ടറുകളും പിന്നീട് 10 ഷട്ടറുകളും അടക്കുകയായിരുന്നു. ഈ മാസം 31 വരെ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയാക്കി നിലനിർത്താൻ തമിഴ്നാടിന് അനുമതിയുള്ളതിനാലാണിത്.