അരി കടത്തിനെതിരെ നടപടിയുമായി തമിഴ്നാട്; 300 കിലോ റേഷനരി പിടികൂടി
text_fieldsകുമളി: തമിഴ്നാട്ടിൽനിന്ന് വൻതോതിൽ റേഷനരി കടത്തി വിൽപന നടത്തുന്നത് സംബന്ധിച്ച ‘മാധ്യമം’ വാർത്തയെ തുടർന്ന് നടപടിയുമായി തമിഴ്നാട് അധികൃതർ. കഴിഞ്ഞ ദിവസം രാത്രി കെ.എസ്.ആർ.ടി.സി ബസിൽ തമിഴ്നാട്ടിലെ കമ്പത്തുനിന്ന് കുമളിയിലേക്ക് കൊണ്ടുവന്ന 300 കിലോ റേഷനരി തമിഴ്നാട് പൊലീസ് പിടികൂടി ഫുഡ് സെൽ അധികൃതർക്ക് കൈമാറി.
തമിഴ്നാട്ടിൽ റേഷൻ കാർഡ് ഒന്നിന് 25 കിലോ അരി വീതമാണ് കുടുംബങ്ങൾക്ക് സർക്കാർ സൗജന്യമായി നൽകുന്നത്. ഇതു കൂടാതെ റേഷൻ പഞ്ചസാര വാങ്ങാത്ത കുടുംബങ്ങൾക്ക് 35 കിലോ അരിയും നൽകും. ഇങ്ങനെ സൗജന്യമായി ലഭിക്കുന്ന അരി കേരളത്തിലേക്ക് കടത്താനായി 15-20 രൂപ നിരക്കിലാണ് ഏജന്റുമാർ സംഭരിക്കുന്നത്. വാഹനത്തിൽ കുമളി ടൗണിലെ ഗോഡൗണിലെത്തിക്കുന്ന അരി ലോറികളിലാണ് കോട്ടയം, എറണാകുളം എന്നിവിടങ്ങളിലെ മില്ലുകളിലും കടകളിലും എത്തിക്കുന്നത്. കടകളിൽ 35-40 രൂപ നിരക്കിലാണ് വിൽപന.
‘മാധ്യമം’ വാർത്ത ശ്രദ്ധയിൽപെട്ട തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫിസ് തേനി കലക്ടറോട് വിശദാംശങ്ങൾ തേടിയിരുന്നു. തുടർന്ന് പരിശോധന ശക്തമാക്കാൻ പൊലീസിനും ഫുഡ് സെല്ലിനും നിർദേശം നൽകി. 300 കിലോ അരി പിടികൂടിയെങ്കിലും ഇത് കടത്തിയ സംഘത്തെ പിടികൂടാനായിട്ടില്ല. ഇതിനിടെ, കുമളിയിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ടൺകണക്കിന് റേഷനരി നടത്തിപ്പുകാർ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും വിവരമുണ്ട്.


