പെന്നി ക്വിക്കിന്‍റെ പിറന്നാൾ ആഘോഷിച്ച് തമിഴ് ജനത
text_fieldsകുമളി: തമിഴ്നാട്ടിലെ ആഘോഷ ദിനമായ പൊങ്കൽ ദിവസം മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ശില്പിയുടെ പിറന്നാളും എത്തിയത് വലിയ ആഘോഷമാക്കി തമിഴ് ജനത.
വൈദ്യുതി ദീപങ്ങളാൽ അലങ്കരിച്ചും പായസവും മധുര പലഹാരങ്ങളും വിളമ്പിയും തേനി, മധുര, ദിണ്ടുക്കൽ, ശിവഗംഗ, രാമനാഥപുരം ജില്ലകളിലെ കർഷകരും നാട്ടുകാരും അണക്കെട്ടിന്‍റെ ശില്പി കേണൽ ജോൺ പെന്നി ക്വിക്കിന്‍റെ പിറന്നാൾ ആഘോഷിച്ചു.
പൊങ്കൽ ദിനമായ വ്യാഴാഴ്ചയായിരുന്നു പെന്നി ക്വിക്കിന്‍റെയും പിറന്നാൾ. സ്വന്തം ഉടമസ്ഥതയിലുണ്ടായിരുന്ന ബ്രിട്ടനിലെ സ്വത്ത് വിറ്റ് കിട്ടിയ തുക ഉപയോഗിച്ചാണ് എഞ്ചിനീയർ കൂടിയായ ജോൺ പെന്നി ക്വിക്ക് അണക്കെട്ട് നിർമാണം പൂർത്തീകരിച്ചതെന്ന് രേഖകൾ പറയുന്നു.
വരൾച്ച ബാധിച്ച തമിഴ്നാട്ടിലെ അഞ്ച് ജില്ലകളെ കാർഷിക മേഖലയും ജനവാസ കേന്ദ്രങ്ങളുമാക്കിയതിൽ മുല്ലപ്പെരിയാർ ജലത്തിന്‍റെ പങ്ക് തമിഴ് ജനത തിരിച്ചറിഞ്ഞതോടെ ജോൺ പെന്നി ക്വിക്ക് അവരുടെ ആരാധ്യപുരുഷനായി മാറുകയായിരുന്നു.


