പന്തലിന് ചെലവായത് ലക്ഷങ്ങൾ, സംഘാടകരും മുങ്ങി; കുമളിയിലെ മേള വൻ പരാജയം
text_fieldsമേള ഗ്രൗണ്ടിൽ ശേഷിക്കുന്ന സ്റ്റാളുകൾ
കുമളി: ലക്ഷങ്ങൾ ചെലവഴിച്ച് കുമളി-തേക്കടി റോഡരുകിൽ ജില്ല അധികൃതർ ഒരുക്കിയ മേളയിൽ പങ്കെടുക്കാൻ എത്തിയത് പത്തിൽ താഴെ സ്റ്റാളുകൾ. ഉദ്ഘാടനത്തിന് പിന്നാലെ സംഘാടകർ സ്ഥലം വിട്ടതോടെ മേളയിൽ പങ്കെടുക്കാൻ എത്തിയ സ്റ്റാളുകളും ഒന്നൊന്നായി ഒഴിഞ്ഞു. അവശേഷിക്കുന്ന അഞ്ച് സ്റ്റാളുകളുമായി എട്ട് ദിവസം തികക്കാൻ കാത്തിരിക്കുകയാണ് പന്തൽ ഉടമകൾ.
കുമളി, തേക്കടി, കല്ലറയ്ക്കൽ ഗ്രൗണ്ടിൽ മൂന്നരലക്ഷം രൂപ ചെലവിൽ നിർമിച്ച പന്തലിൽ നടക്കുന്ന ‘ആകാംഷാ ഹാട്ട്’ മാർക്കറ്റിങ് മേളയാണ് ജില്ല അധികൃതരുടെ പിടിപ്പുകേടിന്റെ സാക്ഷ്യപത്രമായി മാറിയത്. ലക്ഷങ്ങൾ തുലച്ച് ഒന്നാം തിയതി മുതൽ ആരംഭിച്ച മേളയിൽ ആദ്യം മുതൽ തന്നെ അധികൃതരുടെ കെടുകാര്യസ്ഥത വ്യക്തമായിരുന്നു. അസ്പിറേഷണൽ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി പ്രാദേശിക സംരംഭകർക്കും ചെറുകിട ഉത്പാദകർക്കും തങ്ങളുടെ ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നതിനുള്ള സുവർണാവസരം എന്ന പേരിലാണ് ജില്ലതലത്തിൽ കുമളിയിൽ മേള സംഘടിപ്പിച്ചത്.
ജില്ലയിലെ അഴുത, ദേവികുളം ബ്ലോക്കുകളിൽ നിന്നുള്ള പ്രാദേശിക ചെറുകിട സംരംഭകരുടെ ഉത്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, ജിയോ ടാഗ് ചെയ്ത ഉത്പന്നങ്ങൾ, കാർഷിക, വനവിഭവങ്ങൾ, തനത് ഭക്ഷണ ഇനങ്ങൾ എന്നിവയുടെ പ്രദർശനവും വിപണനവുമാണ് മേളയിൽ സംഘടിപ്പിച്ചിരുന്നത്. എന്നാൽ, ഉദ്ഘാടന ദിനത്തിൽ പന്തലിന്റെ നിർമാണം പോലും പൂർത്തിയാക്കാൻ അധികൃതർക്ക് ആയില്ല. എങ്കിലും ഉദ്ഘാടനം നടത്തി അധികൃതർ സ്ഥലം വിട്ടു.
മേള സംബന്ധിച്ച് നാട്ടുകാർ രേഖപ്പെടുത്തിയ അഭിപ്രായങ്ങൾ
മേള സംബന്ധിച്ച പരസ്യങ്ങളോ വിവരങ്ങളോ ജനങ്ങളിലേക്ക് എത്തിക്കാൻ ഒരു നടപടിയും സ്വീകരിച്ചില്ല. മേളയിലേക്ക് വിനോദ സഞ്ചാരികളും നാട്ടുകാരും എത്താതായതോടെ രണ്ടു ദിനം കഴിഞ്ഞപ്പോൾ സ്റ്റാളുകാർ മിക്കവരും പൂട്ടിക്കെട്ടി. തേക്കടി, മറയൂർ വനം ഡിവിഷനുകളിലെ സ്റ്റാളുകളും സർക്കാർ പച്ചക്കറി തോട്ടത്തിന്റെ സ്റ്റാളും ഉൾപ്പെടെ അഞ്ച് എണ്ണം മാത്രമാണ് ഇനി പന്തലിൽ അവശേഷിക്കുന്നത്.
ഇതേ ഗ്രൗണ്ടിൽ സ്വകാര്യ വ്യക്തികൾ സംഘടിപ്പിക്കുന്ന മേളയിൽ നൂറിലധികം സ്റ്റാളുകളാണ് ഒരു മാസത്തോളം പ്രവർത്തിക്കാറുള്ളത്.മേളയിൽ പങ്കെടുക്കാനെത്തിയ നാട്ടുകാരും വിനോദ സഞ്ചാരികളും ഇവിടെ അഭിപ്രായം രേഖപ്പെടുത്താൻ വച്ചിട്ടുള്ള ബോർഡിൽ നിശിത വിമർശനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് ഉന്നതർ കാണാതിരിക്കാൻ ഉദ്യോഗസ്ഥരിൽ ചിലർ മായിച്ചു കളഞ്ഞതായി പങ്കെടുക്കുന്നവർ പറയുന്നു. എട്ട് ദിവസം കുമളിയുടെ ആഘോഷമായി മാറേണ്ടിയിരുന്ന മേളയാണ് അധികൃത അനാസ്ഥയുടെ ഫലമായി ഫണ്ട് തുലയ്ക്കൽ മേളയായി അവസാനിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.