തേക്കടിയെത്തി; മൂക്ക് പൊത്തിക്കോ...
text_fieldsതേക്കടി ബോട്ട്ലാൻഡിങ്ങിലെ കണ്ടെയ്നർ ടോയ്ലറ്റ്
കുമളി: തേക്കടി കാണാനെത്തുന്ന വിനോദ സഞ്ചാരികൾ ബോട്ട് ലാൻഡിങ്ങിൽ എത്തിയാൽ മൂക്ക് പൊത്താതെ നിൽക്കാൻ കഴിയാത്ത സ്ഥിതിയാണ്. വർഷങ്ങൾക്കുമുമ്പ് വനം വകുപ്പ് സ്ഥാപിച്ച കണ്ടെയ്നർ ടോയ്ലറ്റാണ് പ്രദേശം ദുർഗന്ധത്തിലാക്കുന്നത്. അറ്റകുറ്റപ്പണി നടത്താതെയും തുരുമ്പെടുത്തും നശിച്ചതോടെ മാലിന്യം ഒഴുകി പടർന്നാണ് പ്രദേശം ദുർഗന്ധത്തിലാക്കിയത്.
തേക്കടിയിൽ നിർമിച്ച കഫറ്റീരിയയുടെ അടിയിലെ നിലയാണ് പുതിയ ടോയ്ലറ്റ് ബ്ലോക്കായി മുമ്പ് നിശ്ചയിച്ചിരുന്നത്. ലക്ഷങ്ങൾ ചെലവഴിച്ച് കഫറ്റീരിയ നിർമിച്ചെങ്കിലും ടോയ്ലറ്റ് നിർമിക്കുന്നത് വനപാലകർ ഉപേക്ഷിച്ചനിലയിലായി. ഇതോടെ താൽക്കാലികമായി സ്ഥാപിച്ച കണ്ടെയ്നർ ടോയ്ലറ്റ് മാത്രമായി സഞ്ചാരികളുടെ ഏക ആശ്രയം.
കണ്ടെയ്നർ ടോയ്ലറ്റിൽനിന്ന് മാലിന്യം സംസ്കരിക്കാൻ നിർമിച്ച ടാങ്കും നിറഞ്ഞതോടെ ഇവയും ഒഴുകി പടർന്നാണ് പ്രദേശം മാലിന്യത്താൽ നിറഞ്ഞത്. വിനോദ സഞ്ചാരികൾക്ക് പ്രാഥമിക ആവശ്യങ്ങൾക്കായി ടോയ്ലറ്റ്, ബോട്ട്ലാൻഡിങ്ങിൽ നിർമിക്കുന്നതിനു പകരം ലക്ഷങ്ങൾ ചെലവഴിച്ച് ആമ പാർക്കിലാണ് വർഷങ്ങൾക്ക് മുമ്പ് നിർമിച്ചത്.
ബോട്ട്ലാൻഡിങ്ങിൽനിന്ന് അകലെ ആമ പാർക്കിൽ ടോയ്ലറ്റ് നിർമിച്ചെങ്കിലും ഇത് വിനോദസഞ്ചാരികൾക്ക് ഉപകാരം ഇല്ലാതായി. ആമ പാർക്കിന് സമീപം വാഹനങ്ങൾ നിർത്തുന്നതും പാർക്ക് ചെയ്യുന്നതും വനംവകുപ്പ് അവസാനിപ്പിച്ചതോടെയാണ് പ്രദേശത്ത് വിനോദസഞ്ചാരികൾ നിൽക്കാതായത്. ഇതോടെ ടോയ്ലറ്റ് കാട് കയറി നശിക്കുന്ന നിലയിലായി. കോടികൾ വരുമാനം ലഭിക്കുമ്പോഴും അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ വനപാലകർ തുടരുന്ന അനാസ്ഥ ടൂറിസം മേഖലക്കാകെ തിരിച്ചടിയാകുന്നുണ്ട്.