ശൗചാലയ മാലിന്യം ഓടയിലേക്ക്; തേക്കടിയിൽ മൂന്ന് ഹോട്ടൽ അടച്ചിടാൻ നോട്ടീസ്
text_fieldsതാമരക്കണ്ടത്ത് ഓടയിലേക്ക് മാലിന്യം ഒഴുക്കിയത്
പരിശോധിക്കുന്ന അധികൃതർ
കുമളി: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം നടന്നുവരുന്ന ഓപറേഷൻ ക്ലീൻ സ്വീപ് പരിശോധന ഭാഗമായി കുമളി ഗ്രാമപഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ ഓടയിലേക്ക് ശൗചാലയമാലിന്യം ഓടയിലേക്ക് പുറന്തള്ളിയ മൂന്ന് ഹോട്ടൽ അധികൃതർ കണ്ടെത്തി. തേക്കടി, താമരക്കണ്ടം ഭാഗത്തെ ടൈഗർ ട്രെയിൽസ്, പെപ്പർ വൈൻ, വുഡ് നോട്ട് തുടങ്ങിയ ഹോട്ടലുകളാണ് പ്രത്യേകമായി സ്ഥാപിച്ച പൈപ്പ് വഴി ഓടയിലേക്ക് മാലിന്യം ഒഴുക്കിയത്.
ഇവയുടെ പ്രവർത്തനം നിർത്തിവെക്കാൻ അധികൃതർ നോട്ടീസ് നൽകിയതിനൊപ്പം ലക്ഷങ്ങൾ പിഴ ചുമത്തുകയും ചെയ്തു. കുമളി ഗ്രാമപഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതരാണ് പരിശോധന നടത്തിയത്. തേക്കടി തടാകത്തിലേക്ക് മഴവെള്ളം ഒഴുകിയെത്തുന്ന ഓടയിലേക്ക് പൈപ്പ് സ്ഥാപിച്ചാണ് മാലിന്യം ഒഴുക്കിയത്. ഹോട്ടലുകൾക്ക് അരലക്ഷം രൂപ വീതം പിഴ ചുമത്തിയതിനൊപ്പമാണ് ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണം കാണിക്കാനുമുള്ള നോട്ടീസും നൽകി.
നിയമലംഘനം നടത്തിയ ഈ ഭാഗത്തെ രണ്ട് വീടുകൾക്ക് 10,000 രൂപയും നിരോധിത പ്ലാസ്റ്റിക് വഴിയിൽ ഉപേക്ഷിച്ച ഒരാൾക്ക് 1000 രൂപയും പിഴ ചുമത്തി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന വ്യാപിപ്പിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി ആർ. അശോക് കുമാർ അറിയിച്ചു. അസി. സെക്രട്ടറി മോഹനൻ, ഹെൽത്ത് ഇൻസ്പെക്ടർ പി. മാടസ്വാമി തുടങ്ങിയവർ മേൽനോട്ടം വഹിച്ചു.


