കണ്ണടച്ച് അധികൃതർ കയറിയിറങ്ങി തമിഴ്നാട് ബസ്; കുമളി സ്റ്റാൻഡിൽ കുരുക്ക്
text_fieldsകുമളി ടൗണിലെ ബസ്സ്റ്റാൻഡിൽ അനധികൃതമായി പ്രവേശിക്കുന്ന തമിഴ്നാട് ബസുകൾ
കുമളി: അനധികൃതമായി കുമളി ബസ്സ്റ്റാൻഡിറിൽ തമിഴ്നാട് ബസ്സുകൾ കയറി ഇറങ്ങി ഗതാഗത കുരുക്ക് സൃഷ്ടിച്ചിട്ടും നടപടി എടുക്കാതെ അധികൃതർ. സംസ്ഥാന അതിർത്തിക്കപ്പുറത്ത് ആവശ്യത്തിലധികം സൗകര്യം ഉണ്ടായിട്ടും ഇടുങ്ങിയ കുമളി ടൗണിലെ റോഡിലൂടെ എത്തി തിരക്കേറിയ ബസ്സ്റ്റാൻഡിൽ തമിഴ്നാട് ബസ്സുകൾ സൃഷ്ടിക്കുന്ന ഗതാഗത കുരുക്ക് പൊലീസ്, പഞ്ചായത്ത്, മോട്ടോർ വാഹന വകുപ്പ് അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ഒരു വർഷത്തിലധികമായി തുടരുന്ന അനധികൃത ബസ്സ്റ്റാൻഡ് കയറ്റം ശബരിമല തീർഥാടന കാലമായതോടെ കുമളി ടൗണിൽ വൻ ഗതാഗത കുരുക്കിനാണ് വഴിയൊരുക്കിയിട്ടുള്ളത്.കേരളത്തിലേക്ക് പ്രവേശിക്കാൻ പെർമിറ്റില്ലാത്ത തമിഴ്നാട് സർക്കാർ, സ്വകാര്യ ബസ്സുകൾ പോലീസ്, മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ കൺമുന്നിലൂടെ കുമളി ടൗണിലൂടെ ചുറ്റി കറങ്ങി യാത്രക്കാരെ കയറ്റുന്നത് പതിവാണ്.
അതിർത്തിക്കപ്പുറത്ത് ബസ്സ്റ്റാൻഡ് നിർമാണമെന്ന പേരിലാണ് തമിഴ്നാട് ബസ്സുകൾ തിരിക്കാനായി കുമളി ടൗണിലെത്തുന്നത്. അതിർത്തിക്കപ്പുറത്ത് ദേശീയ പാതക്ക് കുമളി ടൗണിലെ റോഡിനെക്കാൾ ഇരട്ടിയിലധികം വീതിയുണ്ട്. ഇവിടെ വാഹനങ്ങൾ തിരിക്കാമെന്നിരിക്കെയാണ് കേരള അധികൃതരുടെ കഴിവുകേട് മുതലാക്കി വാഹനങ്ങളുടെ അനധികൃത കടന്നുകയറ്റം തുടരുന്നത്.
ശബരിമല തീർഥാടന കാലം ആരംഭിച്ചതോടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും നൂറുകണക്കിന് വാഹനങ്ങളാണ് കുമളി ടൗണിലൂടെ കടന്നുപോകുന്നത്. ഇതിനു പുറമേ ചരക്ക്, സ്വകാര്യ വാഹനങ്ങളും തിരക്കേറിയ ടൗൺ വഴി വേണം കടന്നു പോകാൻ.
ടൗണിലുള്ള പഞ്ചായത്ത് വക ഏക സ്റ്റാൻഡിൽ സ്വകാര്യ ബസ്സുകൾക്കു പുറമേ സർക്കാർ ബസ്സുകൾ, ഓട്ടോ, കാർ, ജീപ്പ് ടാക്സികൾ എന്നിവയെല്ലാം പാർക്ക് ചെയ്യുന്നതു മൂലം വലിയ തിരക്കാണ് എപ്പോഴുമുള്ളത്. ഇതിനിടയിലേക്കാണ് ഒരു വർഷത്തിലധികമായി തമിഴ്നാട് ബസ്സുകളുടെ തള്ളിക്കയറ്റം. ടൗണിൽ ഗതാഗത കുരുക്ക് നിയന്ത്രിക്കാൻ കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും തമിഴ്നാട് വാഹനങ്ങളുടെ അനധികൃത പ്രവേശനം തടയാൻ നടപടി സ്വീകരിച്ചിട്ടില്ല.


