കുമളിയിൽ പൊലീസിനു നേരേ അക്രമം: എസ്.ഐക്കും സിവിൽ പൊലീസ് ഓഫിസർക്കും മർദനമേറ്റു
text_fieldsശർമ്മൻ ദുരൈ
കുമളി: മദ്യലഹരിയിൽ മധ്യവയസ്കൻ നാട്ടുകാരുമായി ഉണ്ടാക്കിയ പ്രശ്നം പറഞ്ഞു തീർക്കാനെത്തിയ പൊലീസിനു നേരെ ആക്രമണം. സംഭവത്തിൽ കുമളി സ്റ്റേഷനിലെ എസ്.ഐ കെ. രാജേഷ് കുമാർ(50), സിവിൽ പോലീസ് ഓഫീസർ സൈനു ( 48) എന്നിവർക്കാണ് മർദനമേറ്റത്. ഇവരെ സ്പ്രിംഗ് വാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 9.30 ഓടെ കുമളി ടൗണിനു സമീപം വലിയ കണ്ടത്തായിരുന്നു സംഭവം. സ്വകാര്യ ബസ് ഡ്രൈവർ, ചെങ്കര സ്വദേശി ശർമ്മൻദുരൈ ( 42) യെ പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി ഒമ്പതോടെ വലിയകണ്ടത്ത് മദ്യലഹരിയിൽ കാറുമായി എത്തിയ ഇയാൾ, താമസിക്കുന്ന വാടക വീടിന് മുന്നിൽ റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. കാർ റോഡിന് കുറുകെ ഇട്ട് ഗതാഗതം തടസപ്പെടുത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം.പൊലീസ് എത്തി വാഹനം നീക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയാറായില്ല. പിന്നീട്, ഇയാളെ പൊലീസ് ജീപ്പിൽ കയറ്റാൻ ശ്രമിക്കുന്നതിനിടയാണ് പൊലീസിന് മർദ്ദനം ഏറ്റത്. എസ്.ഐക്കും പൊലീസുകാരനും മുഖത്ത് ക്ഷതമേറ്റിട്ടുണ്ട്.
തുടർന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് ഇയാളെ പൊലീസ് വാഹനത്തിൽ കയറ്റിയത്. മൂന്നുമാസം മുമ്പ് കുമളി ടൗണിലെ പെട്രോൾ പമ്പിൽ വെച്ചും കേസന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ശർമ്മൻ ദുരൈ അക്രമിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.