വന്യജീവി ആക്രമണം: സൗകര്യങ്ങളും സുരക്ഷയും ഒരുക്കി അയൽസംസ്ഥാനങ്ങൾ; കൈമലർത്തി കേരളം
text_fields1. കർണാടകയിലെ നാഗർ ഹോള കടുവ സങ്കേതത്തിൽ നിർമിച്ച വേലിയും സമീപത്തെ കൃഷിയിടവും, 2. കാട്ടിനുള്ളിൽ ഒരുക്കിയ കുളത്തിൽനിന്ന് വെള്ളം കുടിക്കുന്ന മാൻകൂട്ടം
കുമളി: വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കാൻ അയൽ സംസ്ഥാനങ്ങൾ ഒരുക്കുന്ന സുരക്ഷാ സൗകര്യങ്ങൾ കേരളം അവഗണിക്കുന്നു. വനമേഖലക്ക് സമീപം കൃഷി ചെയ്യുന്നതും മൃഗങ്ങളെ വളർത്തുന്നതുമാണ് കാടിറങ്ങി വന്യജീവികൾ നാട്ടിലെത്തുന്നതിന് പ്രധാന കാരണമെന്ന വിചിത്രവാദമാണ് കേരളത്തിൽ ഉയരാറുള്ളത്. എന്നാൽ, തമിഴ്നാട്ടിലും കർണാടകയിലും വന്യജീവികളുടെ എണ്ണം കൂടുതലായിട്ടും നാട്ടിലിറങ്ങി അപകടങ്ങൾ സൃഷ്ടിക്കുന്നതും കൃഷി നശിപ്പിക്കുന്നതും താരതമ്യേന കുറവാണ്.
കാടിറങ്ങി നാട്ടിലേക്ക് ആന ഉൾപ്പടെ ജീവികൾ പോകാതിരിക്കാൻ കർണാടക സർക്കാർ ഉരുക്ക് കേഡർ കൊണ്ടുള്ള വേലികളാണ് കടുവ സങ്കേതത്തിന്റെ അതിരുകളിൽ നിർമിച്ചിട്ടുള്ളത്. രാജ്യത്തെ പ്രമുഖ കടുവ സങ്കേതം കൂടിയായ കർണാടകയിലെ നാഗർഹോള വന്യജീവി സങ്കേതം 847.981 ചതുരശ്ര കിലോമീറ്റർ വിസ്തൃതി ഉള്ളതാണ്. 2022 ലെ കണക്കുകൾ പ്രകാരം ഇവിടെ 149 കടുവകളാണുള്ളത്. ഇതോട് ചേർന്നാണ് ബന്ദിപ്പൂർ വന്യജീവി സങ്കേതവും.
ആനകൾ ഉൾപ്പെടെ ജീവികൾ കാട്ടിൽ നിന്ന് നാട്ടിലിറങ്ങാതിതിരിക്കാൻ ഉരുക്ക്, ഇരുമ്പ് വേലികൾക്ക് പുറമേ വൈദ്യുതി വേലികളും മുഴുവൻ അതിർത്തി പ്രദേശത്തും നിർമിച്ചിരിക്കുന്നു. ഇതിനു പുറമേ അതിർത്തികളിൽ വലിയ കിടങ്ങുകൾ തീർത്ത് വന്യജീവികൾ നാട്ടിലിറങ്ങില്ലെന്ന് ഉറപ്പാക്കിയാണ് സർക്കാർ നാട്ടുകാരെ സുരക്ഷിതരാക്കിയിട്ടുള്ളത്.
വന്യജീവി സങ്കേതത്തോട് ചേർന്ന പ്രദേശങ്ങളിൽ വാഴയും, തെങ്ങും, കമുക്, മറ്റ് കൃഷികളെല്ലാം ഭയപ്പാടില്ലാതെ ചെയ്യാൻ സുരക്ഷാ സംവിധാനങ്ങൾ കർഷകർക്ക് ആത്മവിശ്വാസം നൽകുന്നത് ഇവിടത്തെ കൃഷികൾ നേരിട്ടു കണ്ടാൽ വ്യക്തമാകും.
വേനൽക്കാലത്ത് വെള്ളവും തീറ്റയും തേടിയാണ് ആന, കാട്ടുപോത്ത്, മ്ലാവ്, പുളളിമാൻ, കേഴ എന്നിങ്ങനെ ജീവികൾ നാട്ടിലെ കൃഷിയിടങ്ങളിൽ എത്തുന്നത്. ഇവയെ പിടികൂടാനാണ് കടുവയും പുലിയും മറ്റും പിന്തുടർന്ന് എത്തുന്നത്.
ഇത് ഒഴിവാക്കാൻ കർണാടകയിലെ ബന്ദിപൂർ, നാഗർഹോള, തമിഴ്നാട്ടിലെ സത്യമംഗലം ഉൾപ്പടെ മിക്ക വന്യജീവി സങ്കേതത്തിനുള്ളിലും പല ഭാഗത്തായി കാട്ടിനുള്ളിൽ കുളങ്ങൾ നിർമിച്ച് ഇതിൽ ജലം നിറക്കുന്നു. കാടിന്റെ പല ഭാഗത്തും വളർന്നുപൊങ്ങിയ കാട്ടുചെടികളും പുല്ലുകളും നിയന്ത്രണ വിധേയമായി കത്തിച്ച് ഇളം പുല്ലുകൾ വളരാൻ സൗകര്യം ഒരുക്കുന്നു.
ഇതിനെല്ലാം പുറമേ, ആന, കടുവ, പുലി, കരടി എന്നിവയെ കാടിന്റെ അതിർത്തികളിൽ നിരീക്ഷിക്കാൻ പ്രത്യേക ടീമിനെയും സംവിധാനങ്ങളും ഒരുക്കിയാണ് ഇരു സംസ്ഥാനങ്ങളും വന്യജീവി ആക്രമണത്തിന് തടയിടുന്നത്. എന്നാൽ, കേരളത്തിലെ മിക്ക കടുവ-വന്യജീവി സങ്കേതങ്ങളിലും കടുവ-ആന നിരീക്ഷണ സംവിധാനങ്ങൾ കടലാസിൽ മാത്രം ഒതുങ്ങി.
കാടിന്റെയും നാടിന്റെയും അതിർത്തികളിൽ നിർമിക്കുന്ന വൈദ്യുതിവേലികൾ ഗുണനിലവാരക്കുറവ് കാരണം ഏറെ താമസിയാതെ തകർന്നു വീഴുന്നു. ഭൂപ്രകൃതിയുടെ സവിശേഷത കാരണം കിടങ്ങുകൾ പലഭാഗത്തും സാധ്യമല്ലെന്ന് വനപാലകർ പറയുമ്പോഴും നിരീക്ഷണവും കാട്ടിനുള്ളിലെ സൗകര്യങ്ങൾ ഒരുക്കുന്നതിനും തടസ്സങ്ങളില്ലെങ്കിലും അനാസ്ഥ എല്ലാം തകിടം മറിക്കുന്നു.
സംസ്ഥാനത്തെ ആയിരക്കണക്കിന് ഏക്കർ വരുന്ന തോട്ടം മേഖലയിൽ ഭൂവുടമകളുടെ സഹായത്തോടെ അതിർത്തികളിൽ കർണാടക മോഡൽ ഉരുക്ക് വേലികൾ, കോൺക്രീറ്റ് തൂണുകൾ എന്നിവയെല്ലാം നടപ്പാക്കാൻ വനം വകുപ്പിന് കഴിയും. ഇത് വലിയ തോതിൽ വന്യജീവികൾ നാട്ടിലിറങ്ങുന്നത് തടയാൻ സഹായകമാകുമെങ്കിലും അത്തരം പദ്ധതികളൊന്നും സർക്കാറിന്റെ മുന്നിൽ ഇല്ലാത്തതാണ് വന്യജീവികൾ നാട്ടുകാർക്ക് ദുരിതമായി മാറാൻ കാരണം.