Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകല്യാണത്തണ്ട്...

കല്യാണത്തണ്ട് മലനിരകളിൽ കുറിഞ്ഞി പൂവിട്ടു; കാണാൻ സഞ്ചാരികളുടെ ഒഴുക്ക്

text_fields
bookmark_border
കല്യാണത്തണ്ട് മലനിരകളിൽ കുറിഞ്ഞി പൂവിട്ടു; കാണാൻ സഞ്ചാരികളുടെ ഒഴുക്ക്
cancel

കട്ടപ്പന: ഇടുക്കി വന്യജീവി സങ്കേതത്തോട് ചേർന്നുകിടക്കുന്ന കല്യാണത്തണ്ട് മലനിരകളിലെ പുൽമേടുകളിൽ കുറിഞ്ഞി പൂവിട്ടു. സെപ്റ്റംബർ ആദ്യ ആഴ്ചയോടെ മലനിരകൾ മുഴുവൻ നീലവസന്തത്തിന്‍റെ നയനമനോഹര കാഴ്ചക്ക് സജ്ജമാകുന്ന തരത്തിലാണ് വസന്തമെത്തുന്നത്.

സമുദ്രനിരപ്പിൽ നിന്ന് 1500ഓളം അടി ഉയരത്തിലാണ് കല്യാണത്തണ്ട് മലനിരകൾ. കല്യാണത്തണ്ട്, കാൽവരി മൗണ്ട്, വാഴവര പ്രദേശങ്ങളിലൂടെ മലനിരകളിലേക്ക് കടന്നുചെല്ലാം. കല്യാണത്തണ്ട് മലനിരകളിൽ പൂവിട്ടത് നീലക്കുറിഞ്ഞി അല്ലെന്നും മേട്ടുക്കുറിഞ്ഞിയാണെന്നും രണ്ട് അഭിപ്രായമുണ്ട്. എന്തായാലും കുറിഞ്ഞി വസന്തം കാണാൻ സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി.

ഇടുക്കി ജലാശയത്തിന്റെ പശ്ചാത്തലത്തിൽ കോടമഞ്ഞിൽ പുതഞ്ഞ കല്യാണത്തണ്ട് മലനിരകളിൽ പൂവിട്ടിരിക്കുന്ന നീല നിറത്തിലുള്ള കുറിഞ്ഞി പൂക്കളുടെ കാഴ്ച നയനമനോഹരമാണ്. 12 വർഷത്തിലൊരിക്കലാണ് നീലക്കുറിഞ്ഞി പൂവിടുന്നത്. മേട്ടു കുറിഞ്ഞിയാകട്ടെ ആറുവർഷത്തിൽ ഒരിക്കൽ പൂവിടും.

ജൂലൈ -ആഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലാണ് കുറിഞ്ഞി പൂക്കൾ വിരിയുന്നത്. ലോകത്ത് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ മാത്രം കാണപ്പെടുന്ന നീലക്കുറിഞ്ഞി ഏകദേശം 450 ഇനങ്ങളുണ്ട്.

ഇവയിൽത്തന്നെ 40 ശതമാനവും ഇന്ത്യയിലാണുള്ളത്. പശ്ചിമഘട്ടത്തിൽ മാത്രം 64 തരം കുറിഞ്ഞികൾ ഉണ്ടെന്നാണ് പഠനങ്ങൾ. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1200 മീറ്റർ മുതൽ 1500 മീറ്റർ ഉയരത്തിലുള്ള പൂൽമേടുകളിലാണ് ഇവ വളരുന്നത്. ഇതിന് മുമ്പ് കല്യാണത്തണ്ട് മലനിരകളിൽ നീലക്കുറിഞ്ഞി പൂവിട്ടപ്പോൾ സഞ്ചരികളുടെ ഒഴുക്കായിരുന്നു. ഇപ്പോൾ മഴക്കാലമായതിനാൽ ഇപ്പോൾ ഇവിടേക്കുള്ള യാത്ര അതീവ സൂക്ഷ്മത വേണ്ട കാര്യമാണ്.

കുത്തനെയുള്ള മലഞ്ചെരുവുകളിലൂടെ നടക്കുമ്പോൾ പാറപ്പുറത്തെ പായലിൽ കാൽവഴുതാൻ സാധ്യതയുണ്ട്. അതിനാൽ മഴമാറി വെയിൽ തെളിഞ്ഞ ശേഷം ഇവിടേക്ക് യാത്ര ചെയ്യുന്നതാണ് യാത്രക്കാരുടെ സുരക്ഷക്ക് നല്ലത്.

കാൽവരി മൗണ്ടിൽനിന്ന് അഞ്ച് കിലോമീറ്റർ കട്ടപ്പന റൂട്ടിൽ സഞ്ചരിച്ച് വാഴവരയിലെത്തി ഒരുകിലോമീറ്റർ മലമുകളിലേക്ക് നടന്നാൽ നീലക്കുറിഞ്ഞി പൂവിട്ട പുൽമേട്ടിലെത്താം.

മലമടക്കുകളിൽ പൂവിട്ട നീലക്കുറിഞ്ഞി ഇടുക്കി ജലാശയത്തിന്റെ പശ്ചാത്തലത്തിൽ കാണുന്നത് അതിമനോഹരമാണ്. ഇടുക്കി ജലാശയത്തിന്റെയും ഇടുക്കി വന്യജീവി സങ്കേതത്തിന്റെയും കല്യാണത്തണ്ട് മലമുകളിൽനിന്നുള്ള വിദൂരദൃശ്യമാണ് ഇവിടുത്തെ പ്രധാന കാഴ്ച. ഭാഗ്യമുണ്ടെങ്കിൽ ഇടുക്കി ജലാശയത്തിലൂടെ അക്കരെയിക്കരെ നീന്തിക്കടക്കുന്ന കാട്ടാനകളെയും കാണാം.

Show Full Article
TAGS:kurinji Tourist Idukki News 
News Summary - Kurinji flowers in full bloom; tourists flock to see them
Next Story