ചികിത്സ സൗകര്യങ്ങളില്ല; ജില്ലയിൽ അർബുദബാധിതരുടെ കാത്തിരിപ്പ് നീളുന്നു
text_fieldsഅടിമാലി: കാന്‍സര്‍രോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ മതിയായ ചികിത്സാസംവിധാനങ്ങളില്ലാത്തത് രോഗികളുടെ ദുരിതം വര്‍ധിപ്പിക്കുന്നു. രോഗനിര്‍ണയത്തിനും ചികിത്സക്കുമായി അയല്‍ ജില്ലകളിലോ തമിഴ്നാട്ടിലോ പോകേണ്ട അവസ്ഥയിലാണ് രോഗികള്‍.ജില്ലയില്‍ തൊടുപുഴ ജില്ല ആശുപത്രിയില്‍ മാത്രമാണ് കാന്‍സര്‍ രോഗ പരിചരണമുളളത്.
കീമോയും മറ്റ് ചില സൗകര്യങ്ങളുമുണ്ടെങ്കിലും സര്‍ജറിക്കോ ഗുരുതര രോഗികളെ പരിചരിക്കാനോ സൗകര്യമില്ല.ഇതോടെ കോട്ടയം,കളമശ്ശേരി മെഡിക്കല്‍ കോളജുകളെയോ തമിഴ്നാടിനെയോ ആശ്രയിക്കുകയാണ് രോഗികള്‍. ഇതുണ്ടാക്കുന്ന സമയനഷ്ടവും സാമ്പത്തിക ചെലവുകളും രോഗികളേയും ബന്ധുക്കളേയും വലക്കുകയാണ്.
ജില്ലയിലുള്ളത് മൂവായിരത്തോളം രോഗികൾ
ആരോഗ്യവകുപ്പ് കണക്ക് പ്രകാരം രണ്ടായിരത്തിലധികം രോഗികളാണ് ജില്ലയില്‍ ചികിത്സയിലുളളത്.ഇതില്‍ കൂടുതലും തോട്ടം മേഖലയില്‍ നിന്നാണ്.മറ്റ് ജില്ലകളിലെ സ്വകാര്യ ആശുപത്രികളിലെ കണക്കു കൂടി എടുത്താല്‍ ജില്ലയില്‍ നിന്നുളള കാന്‍സര്‍ രോഗികളുടെ എണ്ണം 3000 ന് മുകളിലാണ്.തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന മറയൂരില്‍ നിന്ന് കാന്‍സര്‍ രോഗത്തിന് ചികിത്സ ആവശ്യമായ രോഗി തൊടുപുഴയിലെത്താന്‍ 130 കിലോമീറ്റര്‍ സഞ്ചരിക്കണം.
ഇവിടെ പ്രവേശനം ലഭിച്ചില്ലെങ്കില്‍ കോട്ടയത്ത് എത്തണമെങ്കില്‍ വീണ്ടും 60 കിലോമീറ്റര്‍ കൂടി സഞ്ചരിക്കണം.ഇതോടെ രോഗിയും കൂടെയുളളവരും കൂടുതല്‍ ദുരിതത്തിലാകുന്നു. പലരും ഇതോടെ നാട്ടുചികിത്സയിലേക്ക് തിരിയുന്നത് കാന്‍സര്‍ രോഗികളുടെ മരണ നിരക്ക് വര്‍ധിക്കാനും കാരണമാകുന്നുണ്ടെന്ന പരാതിയുമുണ്ട്.ദീര്‍ഘദൂരയാത്ര ശാരീരികവും മാനസികവുമായി അവരെ തളര്‍ത്തുന്നു.ചികിത്സച്ചെലവിനൊപ്പം യാത്രക്കും ഭാരിച്ച തുക ചെലവിടേണ്ടിവരുന്നു. പോക്കുവരവിനുള്ള പ്രയാസം മൂലം ആശുപത്രികൾക്ക് സമീപം വീട് വാടകക്കെടുത്ത് താമസിക്കുന്നവരുണ്ട്.
കീടനാശിനി പ്രയോഗവും വെറ്റിലമുറുക്കും വില്ലന്‍
തോട്ടം മേഖലയിലും ആദിവാസി മേഖലയിലും കാന്‍സര്‍ രോഗികള്‍ വര്‍ധിച്ച് വരുന്നതായാണ് കണക്ക്. തോട്ടം മേഖലയില്‍ അമിതമായ കീടനാശിനിയുടെ ഉപയോഗമാണെങ്കില്‍ ആദിവാസി സമൂഹത്തിനിടയില്‍ മുറുക്കും പുകവലിയുമാണ് പ്രധാന വില്ലനെന്നാണ് വിവിധ വകുപ്പുകളുടെ വിലയിരുത്തൽ. വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ജനമൈത്രി എക്സൈസിന്റെ നേത്യത്വത്തില്‍ ബോധവത്കരണ പരിപാടികള്‍ നടത്തുന്നുണ്ടെങ്കിലും ഇവ കാര്യമായ വിജയം കാണുന്നുമില്ല.
പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേത്യത്വത്തില്‍ അര്ബുദരോഗനിയന്ത്രണം ലക്ഷ്യമാക്കി അതീജീവനംപദ്ധതി നടപ്പാക്കിയെങ്കിലും വിജയിച്ചിട്ടില്ല. സ്തനാര്‍ബുദം, ഗര്‍ഭാശയ അര്‍ബുദം, വായ്ക്കകത്തുള്ള അര്‍ബുദം എന്നിവ കണ്ടെത്താന്‍ ആദിവാസി ഉന്നതികളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നേരത്തെ നടത്തിയിരുന്നു.മൂന്ന് വര്‍ഷമായി ഇതും മുടങ്ങിയിരിക്കുകയാണ്.മറ്റെല്ലാ രോഗങ്ങള്‍ക്കുമെന്നപോലെ കൃത്യമായ ചികിത്സയും പരിചരണവും ലഭിച്ചാല്‍ അര്‍ബുദരോഗത്തെ അതിജീവിക്കാവുന്നതേയുള്ളൂ.ഗര്‍ഭാശയ, അണ്ഡാശയ അര്‍ബുദം നേരത്തേ കണ്ടെത്തിയാല്‍ എളുപ്പത്തില്‍ ചികിത്സിച്ച് മാറ്റാനാകും.
എന്നാൽ പരാധീനതകൾ മൂലം ചികിത്സ വൈകുന്നതാണ് പ്രതിസന്ധിയാകുന്നതെന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്. ആരോഗ്യമേഖലയില്‍ കോടികളുടെ പദ്ധതികള്‍ നടപ്പാക്കുമ്പോഴും ജില്ലയില്‍ അര്‍ബുദ രോഗ നിര്‍ണയത്തിനും ചികിത്സക്കും സ്ഥിരസംവിധാനം വേണമെന്ന ആലോചന എങ്ങുമുണ്ടായിട്ടില്ല.ആരോഗ്യവകുപ്പും എം.പി, എം.എല്‍.എ.മാര്‍, ത്രിതല പഞ്ചായത്ത് സംവിധാനങ്ങളും ഒത്തൊരുമിച്ചാല്‍ പരിഹാരം കാണാവുന്ന പ്രശ്നമാണിതെന്നാണ് നാട്ടുകാർ പറയുന്നത്.എന്നാൽ ഇതിനായി ആരുംമുൻ കൈയെടുക്കാത്തതിന്റെ ദുരിതം പേറുന്നത് സാധാരണക്കാരാണ്.