കുന്തളംപാറയിൽ ഉരുൾപൊട്ടി; കൃഷിയിടങ്ങൾ ഒലിച്ചുപോയി
text_fieldsകുന്തളംപാറയിലുണ്ടായ ഉരുൾപൊട്ടൽ
കട്ടപ്പന: കുന്തളംപാറ വി.ടി പടിയിലുണ്ടായ ഉരുൾപൊട്ടലിൽ കൃഷിയിടങ്ങൾ ഒലിച്ചുപോയി. ശനിയാഴ്ച പുലർച്ച 1.30 നാണ് നഗരത്തിന് സമീപം ജനവാസകേന്ദ്രമായ ഇവിടെ ഉരുൾ പൊട്ടിയത്. പുലർച്ചെ വലിയ ശബ്ദം കേട്ടെങ്കിലും പ്രദേശവാസികൾക്ക് ഉരുൾപൊട്ടലിന്റെ ഭീകരത മനസിലാക്കാൻ കഴിഞ്ഞില്ല. പുലർന്നപ്പോഴാണ് പലരുടേയും വീട്ടു പരിസരത്ത് മണ്ണും ചെളിയും അടിഞ്ഞും വാഹനങ്ങൾ മണ്ണിൽ പുതഞ്ഞും കിടക്കുന്നത് കാണാൻ കഴിഞ്ഞത്.
ഉരുൾപൊട്ടലിൽ പ്രദേശവാസികളുടെ കൃഷിയിടങ്ങളും റോഡും ഒലിച്ചുപോയി. കുന്തളംപാറ മലയുടെ മുകളിൽ നിന്നും വൻ മരങ്ങൾ ഉൾപ്പെടെയുള്ളവ ഉരുൾപൊട്ടലിൽ ഒഴുകിയെത്തി. 2019 ലെ പ്രളയ സമയത്ത് ഇവിടെ ഉരുൾ പൊട്ടിയിരുന്നു. അന്ന് ഉരുൾ ഒഴുകിയ അതേ പ്രദേശത്തുകൂടിയാണ് ഇപ്പോഴും ഉരുൾ പൊട്ടിയിരിക്കുന്നത്. ഏലം, കുരുമുളക് കൃഷികളാണ് ഒലിച്ചുപോയത്.


