കടുകുമുടിയിൽ പട്ടാപ്പകൽ ഭീതിപരത്തി ഒന്നരകൊമ്പൻ
text_fieldsമറയൂരിന് സമീപം തലയാർ കടുകുമുടിയിൽ എത്തിയ കാട്ടാനയെ നായ്ക്കൾ ഓടിക്കുന്നു
മറയൂർ: മറയൂർ കടുകുമുടിയിൽ പട്ടാപകൽ ഭീതി പരത്തി ഒന്നരകൊമ്പൻ. തലയാറിൽ തേയില തോട്ടത്തിന് സമീപം നിന്നിരുന്ന ഒന്നര കൊമ്പൻ കാട്ടാന പകൽ കടുകുമുടിയിൽ ലയത്തിലെത്തിയാണ് പരിഭ്രാന്തി പരത്തിയത്. കാട്ടാനയെ തെരുവുനായ്ക്കൾ തിരിച്ചോടിച്ചു.
വീടുകൾക്ക് സമീപം ആന എത്തുമ്പോൾ അവിടെ തോട്ടം തൊഴിലാളികളും തൊഴിലുറപ്പ് തൊഴിലാളികളും ഉണ്ടായിരുന്നു. ആനയെ കണ്ടതോടെ എല്ലാവരും ഓടി രക്ഷപ്പെട്ടു. ആനയെ കണ്ട തെരുവുനായ്ക്കൾ പിന്നാലെ കുരച്ചോടിയതോടെയാണ് പിൻവാങ്ങിയത്. പ്രദേശത്ത് വന്യമൃഗ ശല്യം കൊണ്ട് പൊറുതിമുട്ടിയ സാഹചര്യമാണെന്ന് നാട്ടുകാർ പറഞ്ഞു. ഇതോടൊപ്പം പകൽസമയത്തും കാട്ടാനയെത്തിയത് ഇവരിൽ പരിഭ്രാന്തി വർധിപ്പിച്ചിട്ടുണ്ട്.


