ഭീതിയോടെ കീഴാന്തൂർ; രാത്രിയിൽ കൃഷിത്തോട്ടത്തിൽ എട്ട് ആനകൾ
text_fieldsകഴിഞ്ഞ ദിവസം രാത്രി മറയൂർ കാന്തല്ലൂർ റോഡിൽ കീഴാന്തൂരിൽ റോഡിലൂടെ നടക്കുന്ന ഒറ്റയാൻ
മറയൂർ: വനമേഖലയിൽ വേനൽചൂട് കൂടിയതോടെ കാട്ടാനകളെല്ലാം ഇപ്പോൾ നാട്ടിലാണ് തമ്പടിക്കുന്നത്. കഴിഞ്ഞദിവസം രാത്രി കീഴാന്തൂർ ശിവൻ പന്തിവഴി കൃഷിസ്ഥലങ്ങളിലേക്ക് എത്തിയത് എട്ട് കാട്ടാനകളാണ്.രാത്രി 11ഓടെയാണ് ശിവൻ പന്തിയിലും മറയൂർ കാന്തല്ലൂർ റോഡിലുമായി ആനകളെ കണ്ടത്. തുടർന്ന് ഇവ കീഴാന്തൂർ ഗ്രാമത്തിലേക്ക് എത്തി കൃഷിസ്ഥലങ്ങളിലും ആടിവയൽ ഭാഗത്തും തമ്പടിച്ചിരിക്കുകയാണ്. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ ഇപ്പോൾ നല്ല ചൂടാണ്.
വനത്തിനുള്ളിൽ പലഭാഗത്തും നീരുറവകൾ വറ്റി പുൽമേടുകളും കരിഞ്ഞു തുടങ്ങി. ഇതിനാലാണ് കൃഷി വിളകൾ തിന്ന് വയറ് നിറക്കാൻ കാട്ടാനകൾ നാട്ടിലേക്ക് ഇറങ്ങുന്നത്. കാട്ടാനകളെ വനാതിർത്തിയിൽ തടയാനുള്ള സജ്ജീകരണം ഏർപ്പെടുത്തിയതായാണ് വനം വകുപ്പ് അവകാശപ്പെട്ടിരുന്നത്. രണ്ട് ആഴ്ച മുൻപ് മുൻകരുതലായി പ്രൈമറി റെസ്പോൺസ് ടീം രൂപവത്കരിച്ചിരുന്നു. ടീം അംഗങ്ങൾ കാട്ടാനകളെ നിരീക്ഷിച്ചുവരുന്നുണ്ട്.