കാത്തിരിപ്പിനറുതി; അഞ്ച് ആദിവാസി ഉന്നതികളിൽ വെളിച്ചമെത്തി
text_fieldsആദിവാസി ഉന്നതികളിലെ വീടുകളിൽ വൈദ്യുതി
എത്തിച്ചതിന്റെ ഉദ്ഘാടനം മറയൂർ ഈച്ചാംപെട്ടി
ആദിവാസി ഉന്നതിയിൽ
എ.രാജ എം.എൽ.എ
നിർവഹിക്കുന്നു
മറയൂർ: കാത്തിരിപ്പിനൊടുവിൽ മറയൂർ മലനിരകളിലെ അഞ്ച് ആദിവാസി ഉന്നതികളിൽ വൈദ്യുതി വെളിച്ചമെത്തി. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി 17 കോടി രൂപയുടെ പദ്ധതി വഴിയാണ് ഉന്നതികളിൽ വെളിച്ചമെത്തിയത്. പഞ്ചായത്തിലെ ഈച്ചംപെട്ടി, ഇരുട്ടല, വെല്ലക്കൽ, പുറവയൽ, പുതുക്കുടി എന്നീ അഞ്ച് ആദിവാസി ഉന്നതികളുടെ ജനങ്ങളുടെ ദീർഘനാളത്തെ കാത്തിരിപ്പിനാണ് അന്ത്യമായത്. എ. രാജ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.
ഏറെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് കുന്നിൻ ചെരുവിൽ ഉള്ള ആദിവാസി ഉന്നതികളിലേക്ക് വെളിച്ചമെത്തിച്ചത്. ഇവിടെ കുറച്ച് ദൂരം മാത്രമാണ് ഗതാഗത സൗകര്യമുളളത്. വാഹനങ്ങൾ എത്താത്ത സ്ഥലത്തേക്ക് തലച്ചുമടായും റോപ്പുകൊണ്ട് വലിച്ചുമാണ് പോസ്റ്റുകൾ എത്തിച്ചത്.മാസങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് മറയൂർ സബ് സ്റ്റേഷനിൽ നിന്നും നേരിട്ട് വൈദ്യുതി എത്തിച്ചിരിക്കുന്നത്. ആനയും കാട്ടുപോത്തും ഉൾപ്പെടെ ഒട്ടേറെ വന്യജീവി ശല്യം ഉള്ള പ്രദേശത്ത് ഇതുവരെ സോളർ മാത്രമാണ് ഉണ്ടായിരുന്നത്.
ഇനി തെരുവ് വിളക്കുകളും വീടുകളിൽ നല്ല വെളിച്ചവും ലഭിക്കുമ്പോൾ ഒരു പരിധിവരെ വന്യമൃഗ ശല്യങ്ങളിൽ നിന്നും രക്ഷപ്പെടാമെന്നാണ് ആദിവാസികൾ പറയുന്നത്.പഞ്ചായത്ത് പ്രസിഡൻറ് ദീപ അരുൽജ്യോതി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വിജയ് കാളിദാസ്, ജില്ലാ പഞ്ചായത്ത് അംഗം സി. രാജേന്ദ്രൻ, അസി. എൻജിനീയർ സുരേഷ് ബാബു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉന്നതിയിലെ കാണികൾ ഉൾപ്പെടെ ഒട്ടേറെ പേർ പങ്കെടുത്തു.
അടുത്ത ആഴ്ചകളിൽ ചമ്പക്കാട്, പാളപ്പെട്ടി ,തായണ്ണൻകൂടി, മുളകാമുട്ടി ആദിവാസി ഉന്നതികളിലേക്ക് വൈദ്യുതി എത്തിക്കാനുള്ള ജോലികൾ തുടങ്ങുമെന്ന് വൈദ്യുതി വകുപ്പ് അധികൃതർ പറഞ്ഞു