വിനോദ സഞ്ചാര മേഖലയിൽ ഭീതി വിതച്ച് കാട്ടാനകൾ
text_fieldsകാന്തല്ലൂരിൽ റിസോർട്ട് പരിസരത്തെത്തിയ കൊമ്പന്മാർ
മറയൂർ: കാന്തല്ലൂർ-മറയൂർ മേഖലയിലെ റിസോർട്ടുകളിലും ജനവാസ പ്രദേശങ്ങളിലും കാട്ടാനകളുടെ സാന്നിധ്യം വർധിച്ചതോടെ ആശങ്ക ശക്തമാകുന്നു. കഴിഞ്ഞ ദിവസം കാന്തല്ലൂർ കീഴാന്തൂർ ശിവൻപന്തി മേഖലയിലെ റിസോർട്ട് പരിസരത്ത് എത്തിയ കാട്ടാന പ്ലാവിൽനിന്ന് ചക്ക പറിച്ചു തിന്നുകയും റിസോർട്ട് പരിസരത്ത് നാശനഷ്ടം വരുത്തുകയും ചെയ്തു. ഇതിന് പിന്നാലെ വെട്ടുകാട് മേഖലയിൽ ചുറ്റിക്കറങ്ങിയ കാട്ടാന രാത്രി മുഴുവൻ ഭീതി പരത്തി. ചൊവ്വാഴ്ച രാത്രിയും വെട്ടുകാട് ഭാഗത്തെ റിസോർട്ടിന് സമീപമെത്തിയ രണ്ട് കൊമ്പന്മാർ ജീപ്പ് സവാരിക്കെത്തിയ വിനോദസഞ്ചാരികളെയും മറ്റ് യാത്രക്കാരെയും അമ്പരപ്പിച്ചു. ഏറെ നേരം റോഡരികിൽ നിലയുറപ്പിച്ചതിനെ തുടർന്ന് വാഹനഗതാഗതവും ഭാഗികമായി തടസ്സപ്പെട്ടു. നിലവിൽ ഒരു വലിയ കൊമ്പനും ഒരു ചെറിയ കൊമ്പനുമുൾപ്പെടെ രണ്ട് കാട്ടാനകളാണ് പ്രദേശത്ത് സ്ഥിരമായി സഞ്ചരിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. രാത്രിയാകുന്നതോടെ റിസോർട്ടുകൾക്കും കൃഷിയിടങ്ങൾക്കും സമീപം ഇവ എത്തുന്നത് പതിവായിരിക്കുകയാണ്. വിനോദസഞ്ചാരികളുടെ സുരക്ഷയും പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


