കട്ടിയനാട്ടിൽ പുലി; നാട്ടുകാർ ഭീതിയിൽ
text_fieldsപുലിയുടെ സാന്നിധ്യമുള്ള കട്ടിയനാട് ഭാഗത്ത് വനംവകുപ്പ്
ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും പരിശോധന
നടത്തുന്നു
മറയൂർ: കട്ടിയനാട് പ്രദേശത്ത് മൂന്ന് പുലികളടങ്ങുന്ന സംഘത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ നാട്ടുകാർ ഭീതിയിലായി. കഴിഞ്ഞ ദിവസം പുലർച്ചെ വനാതിർത്തിയിൽ കാട്ടുപോത്തിനെ വേട്ടയാടി കൊല്ലുന്ന ദൃശ്യം പ്രദേശവാസികൾ നേരിട്ട് കണ്ടതോടെയാണ് ആശങ്ക വർധിച്ചത്. കട്ടിയനാട് സ്വദേശി സുബ്രഹ്മണ്യൻ അടുത്തെത്തിയ പുലികളെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രദേശവാസികളായ സെൽവി, മണികണ്ഠൻ എന്നിവരുടെ മൂന്ന് വളർത്തുപശുക്കളെ പുലി കൊന്നിരുന്നു.
മുൻകാലങ്ങളിൽ ഈ പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. തീർഥമല പ്രൊപ്പോസ്ഡ് റിസർവ് വനമേഖലയിൽ നിന്നാണ് പുലികൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത്. ജനങ്ങളുടെ ഭീതി കണക്കിലെടുത്ത് വാർഡ് മെമ്പർ ആർ. കാർത്തിക് കാന്തല്ലൂർ വനംവകുപ്പ് ഓഫിസിൽ വിവരം അറിയിച്ചു. ഡെപ്യൂട്ടി റേഞ്ചർ മുത്തുകുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എ.സി. ക്ലിന്റ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.
പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് മറയൂരിലുള്ള റാപിഡ് റെസ്പോൺസ് ടീമിനോട് കട്ടിയനാട്ടിൽ നിലയുറപ്പിക്കാൻ നിർദേശം നൽകി. കാന്തല്ലൂർ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് രാത്രി പട്രോളിങ് ശക്തമാക്കും. ടൈഗർ റിസർവിനോട് ചേർന്ന ചിന്നാർ വന്യജീവി സങ്കേതത്തിൽ നിന്നാണ് പുലികൾ എത്തുന്നതെന്നാണ് നിഗമനം.
വനംവകുപ്പിന്റെ ജാഗ്രത നിർദേശങ്ങൾ
- വൈകുന്നേരത്തിന് ശേഷം വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ അതീവ ജാഗ്രത പാലിക്കുക.
- വളർത്തുനായ്ക്കളെ സുരക്ഷിതമായി കെട്ടിയിടുക.
- പശുത്തൊഴുത്തിൽ ബൾബ് സ്ഥാപിച്ച് നല്ല വെളിച്ചം ഉറപ്പാക്കുക.
- വനമേഖലയിൽ കന്നുകാലികളെ മേയാൻ വിട്ടയക്കരുത്.


