വേതനം തുച്ഛം, കിട്ടുന്നുമില്ല; ചന്ദനക്കാടുകളിൽ ദുരിത ജീവിതംപേറി ദിവസക്കൂലി വാച്ചർമാർ
text_fieldsമറയൂർ: മറയൂരിലെ ചന്ദനക്കാടുകൾ സംരക്ഷിക്കുന്ന ദിവസക്കൂലി വാച്ചർ തൊഴിലിടത്തില്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരമില്ല. അടിമജീവിതമാണ് കോടിക്കണക്കിനു രൂപ വിലമതിക്കുന്ന മറയൂർ ചന്ദനത്തിന് കാവൽ നിൽക്കുന്ന ദിവസക്കൂലി വാച്ചര്‍മാര്‍ അനുഭവിക്കുന്നത്. പ്രതികൂല സാഹചര്യങ്ങളോടു പൊരുതി ചന്ദന സംരക്ഷണം നടത്തിവരുന്ന വാച്ചര്‍മാര്‍ക്ക് ജോലിചെയ്യുന്നതിന് അനുസരിച്ച് വേതനവുമില്ല. തുച്ഛമായ വേതനമാകട്ടെ ലഭിക്കാറുമില്ല. നൂറുകോടിയോളം രൂപയാണ് പ്രതിവർഷം ചന്ദനലേലത്തിലൂടെ സര്‍ക്കാറിനു ലഭിക്കുന്നത്. ഇതിനു കാവല്‍ നില്ക്കുന്ന വാച്ചര്‍മാരാണ് ജോലി സുരക്ഷിതത്വം ഇല്ലാതെ ദുരിതജീവിതം നയിക്കുന്നത്. ഉദ്യോഗസ്ഥരില്‍ ചിലര്‍ ക്രൂരമായ സമീപനമാണ് വാച്ചര്‍മാരോട് കാണിക്കുന്നതെന്ന പരാതിയും നിലനിൽക്കുന്നു.
2006 മുതല്‍ ചന്ദന സംരക്ഷണം വളരെ ഫലപ്രദമാണ്. എന്നാൽ, രണ്ടുമാസമായി ചന്ദനമോഷണത്തിന്റെ പരമ്പരയാണ് നടന്നുവരുന്നത്. 11 ചന്ദനമരങ്ങളാണ് സമീപ ദിവസങ്ങളില്‍ മറയൂരിലെ നാച്ചിവയല്‍ ചന്ദന റിസര്‍വില്‍നിന്ന് മാത്രം വെട്ടിക്കടത്തിയത്. ഇതേ തുടർന്നുള്ള പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്നത് താൽക്കാലിക വാച്ചര്‍മാരാണ്. ശനിയാഴ്ച രാത്രി നാച്ചിവയല്‍ ചന്ദന റിസര്‍വില്‍നിന്ന് ചന്ദന മരങ്ങള്‍ മുറിച്ചുകടത്തിയതായി വിവരം അറിയുകയും മോഷ്ടാക്കളെ പിടികൂടാനും മരങ്ങള്‍ വീണ്ടെടുക്കാനും വനമേഖലയില്‍ തിരച്ചില്‍ നടത്തുമ്പോള്‍ സ്ഥലത്തെത്തിയ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ രാമകൃഷ്ണന് താൽക്കാലിക വാച്ചറായ മാരിയപ്പനെ അതിക്രൂരമായി മര്‍ദിച്ച സംഭവമുണ്ടായി. മര്‍ദനത്തില്‍ ചെവിക്കും വയറിനും പരിക്കേറ്റ മാരിയപ്പന് ചികിത്സയിലാണ്.
മോഷ്ടാക്കളെ നേരിടാൻ മുളവടിയും ടോർച്ചും
വൈകീട്ട് ആറുമുതല്‍ രാവിലെ ആറുവരെ തുടര്‍ച്ചായി 12 മണിക്കൂറാണ് വാച്ചർമാർ ജോലി ചെയ്യുന്നത്. പുലി, ആന, കാട്ടുപോത്ത് ഉള്‍പ്പെടെ വന്യമൃഗങ്ങളോടും മഴയും മൂടല്‍മഞ്ഞും അടക്കം പ്രതികൂല കാലാവസ്ഥയും അതിജീവിച്ചുവേണം ചന്ദന മരങ്ങള്‍ സംരക്ഷിക്കാന്‍. സര്‍വ സന്നാഹങ്ങളും മാരകായുധങ്ങളുമായി എത്തുന്ന കൊള്ളക്കാരെ നേരിടാന്‍ വാച്ചര്‍മാരുടെ കൈയിലുള്ളത് മുളവടിയും ടോര്‍ച്ചും മാത്രമാണ്. ഓരോ ഫീല്‍ഡിലും സ്ഥിരം ജീവനക്കാരായ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരും ചുമതലക്കാരായുണ്ട്. ഇവര്‍ മിക്കവാറും ഷെഡുകളിലോ വാഹനത്തിനുള്ളിലോ വിശ്രമിക്കുകയാണ് മിക്കവാറും. ഇവര്‍ക്കുവേണ്ടി ജോലിചെയ്യുന്നത് വാച്ചര്‍മാരാണ്.
സ്ഥിരം ജീവനക്കാരില്‍ ഭൂരിഭാഗവും മറ്റു ജില്ലക്കാരാണ്. ഇവര്‍ക്കു കാട്ടിനുള്ളിലെ വഴികളോ പ്രദേശത്തെ മറ്റ് ആദിവാസികുടികളിലേക്കുള്ള വഴിയെപ്പറ്റിയോ ഭൂഘടനയെപ്പറ്റിയോ നിശ്ചയമില്ലാത്തതിനാല്‍ ചന്ദന സംരക്ഷണത്തിന്റെ ചുക്കാൻ പ്രദേശത്തിന്റെ പ്രത്യേകതകളും ഭൂഘടനയും അറിയാവുന്ന വാച്ചര്‍മാരുടെ കൈകളിലാണ്.
വാച്ചര്‍മാർ എല്ലാവരും തന്നെ നിര്‍ധന കുടുംബാംഗങ്ങളാണ്. പ്രതികൂല കാലാവസ്ഥയിലും ഉറക്കം നിന്ന് വര്‍ഷങ്ങളോളം ജോലിചെയ്തവര്‍ പലരും രോഗങ്ങളുടെ പിടിയിലുമാണ്. സ്ഥിരം ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കുമ്പോള്‍ വാച്ചർമാർക്ക് കൃത്യമായി ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ വേതനം നല്‍കാറില്ല.
30 ദിവസത്തെ ജോലിക്ക് 23 ദിവസത്തെ വേതനം
എല്ലുമുറിയെ 30 ദിവസം ജോലി ചെയ്താല്‍ 23 ദിവസത്തെ വേതനം മാത്രമാണ് നല്‍കുന്നത്. മുന്‍കാലങ്ങളില്‍ 28 ദിവസം വരെ നല്‍കിയിരുന്ന വേതനമാണ് പലകാരണങ്ങള്‍ പറഞ്ഞ് കുറച്ചത്. ഇപ്പോള്‍തന്നെ രണ്ടുമാസത്തെ വേതനം കുടിശ്ശികയാണ്. മുന്‍ സര്‍ക്കാര്‍ 20 വര്‍ഷമായ താൽകാലിക വച്ചര്മാരെ സൂപ്പര്‍ ന്യൂമറിക് തസ്തിക സൃഷ്ടിച്ച് സ്ഥിരപ്പെടുത്തിയിരുന്നു.
20 വര്‍ഷം കഴിഞ്ഞ വാച്ചര്‍മാര്‍ നിരവധിയാണെങ്കിലും ഒരു പരിഗണനയും ഇപ്പോഴില്ല. ജോലിക്കിടെ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റാല്‍ സാധാരണ പൗരന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മാത്രമേ ഇവര്‍ക്കും ലഭിക്കുകയുള്ളൂ. ഇന്‍ഷുറന്‍സ് പരിരക്ഷപോലും ഇല്ലാതെയാണ് ഇവര്‍ അപകടം നിറഞ്ഞ സാഹചര്യത്തില്‍ ജോലിചെയ്തുവരുന്നത്. നാട്ടില്‍ വന്യമൃഗങ്ങള്‍ ഇറങ്ങിയാലും കാട്ടാനകള്‍ നാട്ടിലിറങ്ങി രൂക്ഷമായ നാശനഷ്ടങ്ങള്‍ വരുത്തുമ്പോള്‍ ഉണ്ടാകുന്ന ജനരോഷം തണുപ്പിക്കാന്‍ ചന്ദനസംരക്ഷണ വാച്ചരെമാരെയാണ് ആന കാവലിനും നിയോഗിക്കുന്നത്. കാട്ടാനകളെ കൃഷിയിടത്തില്‍നിന്നു കാട്ടിലേക്കു കയറ്റുന്നതും ഇതേ വാച്ചര്‍മാര്‍ തന്നെ. കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽനിന്ന് തലനാരിഴക്കാണ് വാച്ചർമാർ പലപ്പോഴും രക്ഷപ്പെടുന്നത്.