മയിലും കുരങ്ങും; പൊറുതിമുട്ടി മറയൂരും കാന്തല്ലൂരും
text_fields1. മറയൂർ- കാന്തല്ലൂർ റോഡിൽ വെട്ടുകാട് ഭാഗത്ത് കൃഷിയിടത്തിലെത്തിയ മയിലുകൾ 2. മറയൂർ ടൗണിൽ അലഞ്ഞുതിരിയുന്ന കുരങ്ങൻമാർ
മറയൂർ: ആനയും പുലിയും മാത്രമല്ല മയിലും കുരങ്ങനും വരെ മറയൂരിലും കാന്തല്ലൂരിലുമടക്കം തലവേദന സൃഷ്ടിക്കുകയാണ്. മറയൂരിൽ കരിമ്പ് കർഷകരും ശീതകാല പച്ചക്കറി കേന്ദ്രമായ കാന്തല്ലൂരിൽ പച്ചക്കറി കർഷകരും ഇവയുടെ ശല്യത്തിൽ പൊറുതി മുട്ടുകയാണ്.
വന്യമൃഗങ്ങളെ ഒരു പരിധിവരെ തടയാൻ വേലി നിർമിക്കാമെങ്കിലും, മയിൽ വേലിക്ക് മുകളിൽ പറന്നെത്തി കൃഷിയിടത്തിൽ ഇറങ്ങുന്നത് എങ്ങനെ തടയാൻ കഴിയുമെന്നാണ് കർഷകർ ചോദിക്കുന്നത്. മൂന്നുവർഷത്തിനിടയിൽ മയിലുകളുടെ എണ്ണവും പ്രദേശത്ത് വർധിച്ചുവരികയാണ്. യാതൊരു തരത്തിലും കൃഷി മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ പച്ചക്കറി കൃഷി തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയാണെന്ന് കർഷകരും ചൂണ്ടിക്കാട്ടുന്നു.
കേരളത്തിൽത്തന്നെ ഏറ്റവും കൂടുതൽ ശീതകാല പച്ചക്കറി കൃഷി ചെയ്തുവരുന്ന പഞ്ചായത്തുകളാണ് കാന്തല്ലൂരും വട്ടവടയും. കൂടാതെ മറയൂർ മലനിരകളിലെ ആദിവാസികളും പച്ചക്കറി കൃഷി ചെയ്തുവരുന്നുണ്ട്. കൂടുതലും ക്യാരറ്റ്, ക്യാബേജ്, ഉരുളക്കിഴങ്ങ് ഉൾപ്പെടെയുള്ള കൃഷികളാണ്. പാടത്ത് പറന്നിറങ്ങുന്ന മയിലുകൾ ഇവയെല്ലാം തിന്ന് നശിപ്പിക്കുകയാണ്. ഓടിച്ചാലും നിമിഷങ്ങൾക്കകം വീണ്ടും ഇവ പറന്നിറങ്ങും.
പ്രദേശത്ത് നല്ല വിളയുള്ള സ്ട്രോബറിക്ക് ചുറ്റും നെറ്റ് കെട്ടിയാണ് സംരക്ഷിക്കുന്നത്. എന്നാൽ ഏക്കർ കണക്കിന് കൃഷി ചെയ്യുന്ന മറ്റ് കൃഷികൾ ഇത്തരത്തിൽ നെറ്റ് കെട്ടി സംരക്ഷിക്കുക അസാധ്യവുമാണ്. മയിൽ ശല്യം കൊണ്ട്തന്നെ പല കർഷകരും കൃഷി പൂർണമായും ഉപേക്ഷിച്ച സ്ഥിതിയാണ്.
തുരത്തിയോടിച്ചാലും പോകാതെ വാനരക്കൂട്ടം
വാനര ശല്യത്താല്‍ പൊറുതിമുട്ടി കഴിയുകയാണ് മറയൂര്‍ മേഖലയിലെ വലിയൊരു വിഭാഗം കര്‍ഷകര്‍. വനമേഖലയോട് ചേര്‍ന്ന ഇടങ്ങളില്‍ വാനര ശല്യം അതിരൂക്ഷമാണ്. കൂട്ടത്തോടെ കാടിറങ്ങിയെത്തുന്ന വാനരന്മാര് കണ്ണില്‍ കാണുന്നതെല്ലാം തിന്ന് നശിപ്പിക്കുകയാണ്. തുരത്തിയോടിച്ചാല്‍ പോലും പിന്‍വാങ്ങാന്‍ തയ്യാറാകാത്ത സാഹചര്യമുണ്ട്. വാനരശല്യം അതിരൂക്ഷമായതോടെ ഒരു വിധത്തിലും കൃഷി മുമ്പോട്ട് കൊണ്ടുപോകാനാകുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. വാനര ശല്യത്താല്‍ ചില കര്‍ഷകര്‍ കൃഷി തന്നെ ഉപേക്ഷിച്ച് കഴിഞ്ഞു.
അതിരാവിലെ കാടിറങ്ങിയെത്തുന്ന വാനരന്മാര് നേരം ഇരുളുമ്പോള്‍ മാത്രമേ തിരികെ കാട് കയറൂ. കൃഷിയിടം പൂര്‍ണമായി വാനരന്മാര് കൈയ്യടക്കുന്ന സ്ഥിതി കര്‍ഷകരെ കുറച്ചൊന്നുമല്ല വലക്കുന്നത്. വീടിനുള്ളില്‍ ഇരിക്കുന്ന സാധനങ്ങള്‍ പോലും വാനരന്മാര് എടുത്തുകൊണ്ടു പോകുന്നതും വെല്ലുവിളിയാകുന്നു. തുരത്താന്‍ ശ്രമിച്ചാല്‍ ചില സമയങ്ങളില്‍ വാനരന്മാര് ആക്രമണകാരികളാകുന്ന സാഹചര്യവുമുണ്ട്. വനത്തിനുള്ളില്‍ തീറ്റയുടെ ലഭ്യത വര്‍ധിപ്പിച്ച് ജനവാസ മേഖലകളിലെ വാനരശല്യം നിയന്ത്രിക്കണമെന്നാണ് ആവശ്യം. അല്ലാത്ത പക്ഷം വനാതിര്‍ത്തിയോട് ചേര്‍ന്ന ഇടങ്ങളിലെ കര്‍ഷകര്‍ പൂര്‍ണമായി കൃഷി ഉപേക്ഷിക്കേണ്ടി വരും.