മറയൂരിൽ കടുവയുടെ സാന്നിധ്യം; വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി
text_fieldsപ്രതീകാത്മക ചിത്രം
മറയൂർ: ടൗണിന് സമീപം കടുവയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് നിരീക്ഷണം ശക്തമാക്കി. ചിന്നാർ വന്യജീവി സങ്കേതത്തിനോട് ചേർന്ന കരിമുട്ടി, പട്ടിക്കാട്, ബാബുനഗർ പ്രദേശങ്ങൾക്ക് സമീപമാണ് കടുവയുടെ സാന്നിധ്യം കണ്ടെത്തിയത്. സംസ്ഥാനപാതയിൽ കരിമുട്ടിയിൽ റോഡിലൂടെ നടന്ന കടുവ സമീപത്ത് റിസോർട്ടിന് പരിസരത്തേക്ക് പോയതായാണ് വനം വകുപ്പിന് വിവരം ലഭിച്ചത്. തുടർന്ന് ചിന്നാർ വന്യജീവി സാങ്കേതിക വനം വകുപ്പ് ഉദ്യോഗസ്ഥരും മറയൂർ റേഞ്ചിലെ ഉദ്യോഗസ്ഥരും മറയൂർ ആർ.ആർ സംഘവും തിരച്ചിൽ ഊർജിതപ്പെടുത്തിയിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി കടുവ കടന്നുപോയതായി പറഞ്ഞ സ്ഥലത്ത് കാൽപ്പാട് കണ്ടെത്തിയിരുന്നു. പ്രദേശത്ത് ഒട്ടേറെ വന്യമൃഗ ശല്യം ഉള്ള സാഹചര്യത്തിൽ കടുവയും എത്തിച്ചേർന്നിരിക്കാം എന്നുള്ളതും വനം വകുപ്പ് തള്ളിക്കളയുന്നില്ല. നിരീക്ഷണം തുടരുന്നുണ്ടെന്നും ജനവാസ മേഖലയിൽ കടുവയുണ്ടെന്നുള്ളത് അറിഞ്ഞാൽ മറ്റ് നടപടി സ്വീകരിക്കുമെന്നും റേഞ്ച് ഓഫിസർ അബ്ജു കെ. അരുൺ പറഞ്ഞു.


