മറയൂരിലെ ചന്ദനമോഷണം; നാലുപേര്‍ പിടിയില്‍
text_fieldsമറയൂര്‍: ചന്ദന റിസർവില്‍ നിന്ന് മരം മുറിച്ച് കടത്തിയ കേസില്‍ നാലുപേര്‍ പിടിയില്‍. ചന്ദന റിസര്‍വ് അന്പത്തിനാലില് നിന്ന് ജൂണ്‍ മാസം ചന്ദനമരം മുറിച്ച് വില്പന നടത്തിയ സംഭവത്തിലാണ് പ്രതികള്‍ പിടിയിലായത്. പുറവയല്‍ കുടി സ്വദേശി ആര്. ഗോപാലന്, ഊഞ്ഞാമ്പാറക്കുടി സ്വദേശി ദീപകുമാര്‍, മറയൂര്‍ കരിമുട്ടി സ്വദേശി കെ.പി. സുനില്‍, പയസ് നഗര്‍ സ്വദേശി വിനോദ് എന്നിവരാണ് അറസ്റ്റിലായത്. ഊഞ്ഞാമ്പാറ സ്വദേശി ദീപകുമാര്‍, പുറവയല്‍ കൂടിയിലെ വെള്ളയന്‍ എന്നിവര്‍ ചേര്‍ന്നാണ് മരം മുറിച്ചുകടത്തിയത്. വനപാലകര്‍ക്ക് സൂചന ലഭിച്ച വിവരം അറിഞ്ഞ ദീപന് ഒളിവില്‍ പോയി. കൊടൈക്കനാലില്‍ ഒളിവിൽ കഴിഞ്ഞിരുന്ന ദീപകുമാറിനെ ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റ് പ്രതികളെ പിടികൂടിയത്. ഇവര്‍ മുറിച്ച് മരം പുറവയല്‍ കൂടിയിലെ ഗോപാലന് വില്പന നടത്തുകയായിരുന്നു. ഗോപാലന്, സുനില്‍ എന്ന വ്യക്തിക്കും പിന്നീട് വിനോദിനും കൈമാറുകയായിരുന്നു.
മറയൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ അബ്ജു കെ. അരുണ്‍, ഡെപ്യൂട്ടി റേഞ്ചര്‍ ശ്രീകുമാര്‍. വി.ആര്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എ. രാജു, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ രോഹിത് എം. രാജ്, തോമസ് മാത്യു, ഷിജിന് ലാല്‍ എന്നിവരടങ്ങുന്ന വനപാലക സംഘമാണ് പ്രതികളെ പിടികൂടിയത്.