വനം ഇടുക്കിയിൽ, ഓഫിസ് കോട്ടയത്ത്; ഡി.എഫ്.ഒ ഓഫിസ് പരിധിയിലെ വനമേഖല ഭൂരിഭാഗവും ഇടുക്കിയിലാണ്
text_fieldsപീരുമേട്: വനം വകുപ്പിന്റെ ഡിവിഷണൽ ഫോറസ്റ്റ് ഓഫിസ് പരിധിയിൽ വരുന്ന വനമേഖല ഭൂരിഭാഗവും ഇടുക്കിയിൽ. എന്നാൽ, ഡി.എഫ്.ഒ ഓഫിസ് പ്രവർത്തിക്കുന്നതാകട്ടെ കോട്ടയത്തും. കോട്ടയം ജില്ല വിഭജിച്ച് ഇടുക്കി ജില്ല രൂപവത്കരിച്ചപ്പോൾ മിക്ക ഓഫിസുകളും പൈനാവിലേക്ക് മാറ്റിയെങ്കിലും വനംവകുപ്പിന്റെ ഡി.എഫ്.ഒ ഓഫിസ് കോട്ടയത്ത് പ്രവർത്തിക്കുകയായിരുന്നു. ഈ ഓഫിസ് ഇടുക്കിയിലേക്ക് മാറ്റാൻ നടപടി ഉണ്ടായില്ല. ഓഫിസ് പരിധിയിലെ വനമേഖലയുടെ 90 ശതമാനവും മുറിഞ്ഞപുഴ, പീരുമേട്, മതമ്പ, വണ്ടിപ്പെരിയാർ മേഖലകളിലാണ്. കോട്ടയം ജില്ലയിലെ പൊന്തൻപുഴ, എരുമേലി, കാളകെട്ടി, കോരുത്തോട് മേഖലയിൽ നാമമാത്രമായ വനഭൂമിയാണ് ഉള്ളത്. ഇടുക്കിയിലെ വനമേഖലയിൽ കാട്ടാനശല്യം ഇപ്പോൾ അതിരൂക്ഷമാണ്.
പെരുവന്താനം കൊമ്പൻപാറയിൽ ചൊവ്വാഴ്ച വീട്ടമ്മയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. പീരുമേട്, പുറക്കയം, വള്ളക്കടവ് തുടങ്ങിയ മേഖലകളിലെല്ലാം കാട്ടാന ശല്യം എല്ലാ പരിധിയും കടന്നിരിക്കുകയാണ്. ഇതോടൊപ്പം കടുവ, പുലി, കരടി, കാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങളും നാട്ടിലിറങ്ങുന്നത് ജനജീവിതത്തെ ബാധിക്കുന്നു. വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാകുമ്പോഴും ജില്ലയിൽ പ്രവർത്തിക്കേണ്ട ഡി.എഫ്.ഒ ഓഫിസ് അടുത്ത ജില്ലയിലാണ് പ്രവർത്തിക്കുന്നത്. ഓഫിസ് ഇടുക്കിയിലേക്ക് മാറ്റാൻ നടത്തുന്ന ശ്രമത്തെ വനം വകുപ്പിലെ ചിലർ അട്ടിമറിക്കുകയാണെന്ന് ആരോപണമുണ്ട്.