ഇല്ല, ഇനി ഞങ്ങളെ വഞ്ചിക്കാനാവില്ല, അവകാശങ്ങൾക്കായി പോരാടും; നിശ്ചയദാർഢ്യത്തോടെ തോട്ടം തൊഴിലാളികൾ
text_fieldsമൂന്നാറിലെ തോട്ടം തൊഴിലാളികൾ ജ. കെമാൽ പാഷയോട് ആവലാതികൾ പറയുന്നു
മൂന്നാർ: യോഗം തുടങ്ങുമ്പോൾ നാലഞ്ച് പേരേ സദസ്സിൽ ഉണ്ടായിരുന്നുള്ളു. സംഘാടകർക്കും വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. ഏറിയാൽ ഒരു 25 പേർ. അതിലപ്പുറം അവരും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, കാണക്കാണെ സദസ്സ് നിറഞ്ഞുവന്നു. ഒടുവിൽ നൂറിനുമപ്പുറമായപ്പോൾ അവർക്ക് ആത്മവിശ്വാസമായി. അവസാനം വരെ പോരാടും എന്നുറപ്പിച്ചാണ് ഒടുവിൽ അവർ പിരിഞ്ഞത്.
കഴിഞ്ഞ 33 വർഷമായിട്ടും ക്ഷാമബത്ത (ഡി.എ) യിൽ വെറും രണ്ടു പൈസയുടെ വർധന മാത്രമുണ്ടായ സാഹചര്യത്തിൽ തങ്ങളുടെ അവകാശങ്ങളെ കുറിച്ച് തോട്ടം തൊഴിലാളികളെ ബോധവത്കരിക്കാനാണ് മൂന്നാറിലെ ആർ.സി ചർച്ച് വി.എസ്.എസ്.എസ് ഒഡിറ്റോറിയത്തിൽ ഞായറാഴ്ച രാവിലെ ഒരുകൂട്ടം തൊഴിലാളികൾ യോഗം വിളിച്ചത്. ഉദ്ഘാടകനായ റിട്ട. ജസ്റ്റിസ് കെമാൽ പാഷ നേരത്തെ തന്നെ എത്തിയിരുന്നു. ഒമ്പത് മണിക്ക് തുടങ്ങാൻ നിശ്ചയിച്ച യോഗം 10 മണിക്കാണ് ആരംഭിച്ചത്.
തോട്ടം ഉടമകളും ഉദ്യോഗസ്ഥരും ട്രേഡ് യൂണിയൻ നേതാക്കളും ചേർന്ന് എങ്ങനെയാണ് തൊഴിലാളികളെ വഞ്ചിക്കുന്നതെന്ന് കണക്കുകളും കോടതി ഉത്തരവുകളും തെളിവായി നിരത്തിയാണ് കെമാൽ പാഷ സംസാരിച്ചത്. 86 തൊഴിൽ വിഭാഗങ്ങളിൽ 85ലും ഡി.എ വർധന കണക്കുപ്രകാരം നടപ്പാക്കിയിട്ടും തോട്ടം തൊഴിലാളികൾക്കു മാത്രം അത് നടപ്പാക്കാത്തത് നിയമപരമായ പദവിയില്ലാത്ത പ്ലാന്റേഷൻ കമ്മിറ്റിയും തോട്ടം മുതലാളിമാരും ട്രേഡ് യൂനിയൻ നേതാക്കന്മാരും ചേർന്നാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിമാസം അയ്യായിരം രൂപ വരെയാണ് തൊഴിലാളികൾക്ക് നഷ്ടം വരുന്നതെന്ന വിവരം അമ്പരപ്പോടെയാണ് തൊഴിലാളികൾ കേട്ടിരുന്നത്.
പള്ളിവാസൽ മേഖലയിലെ തൊഴിലാളികളായ ഐ.കരീം, സി.രാമർ, ഷണ്മുഖനാഥൻ, പളനിച്ചാമി എന്നിവർ ചേർന്നാണ് തൊഴിലാളികളിൽ ഡി.എ വർധനയെകുറിച്ചുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ തുടങ്ങിയത്. മൂന്നാറിൽ കെമാൽ പാഷയെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിച്ചതും ഈ സംഘമാണ്. ഈ പരിപാടിയിൽ പങ്കെടുക്കരുതെന്ന് പ്രധാന ട്രേഡ് യൂനിയനുകൾ വീടുവീടാന്തരം കയറി തൊഴിലാളികളെ വിലക്കിയെന്നും അത് വകവെയ്ക്കാതെയാണ് നൂറിനു മേൽ തൊഴിലാളികൾ പങ്കെടുത്തതെന്നും സംഘാടകർ പറഞ്ഞു.
2.30 രൂപ ഡി.എ ഇനത്തിൽ വർധിക്കേണ്ടതിനു പകരം ലേബർ കമ്മീഷണർ നിർദേശിച്ചത് 1.41 രൂപയുടെ വർധനയാണ്. എന്നാൽ, അതുപോലും ഇപ്പോൾ നടപ്പാക്കേണ്ട എന്നാണ് പി.എൽ.സിയിൽ യുനിയൻ നേതാക്കൾ ആവശ്യപ്പെട്ടതെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച യോഗ മിനിറ്റ്സ് സഹിതമാണ് സംഘാടകർ തൊഴിലാളികളെ ബോധവത്കരിച്ചത്. ആദ്യം ലേബർ കമീഷണർ നിർദേശിച്ച വർധന നടപ്പാക്കിയെടുക്കാനും തുടർന്ന് നിയമപോരാട്ടത്തിലൂടെ മുഴുവൻ ഡി.എ വർധനയും നേടിയെടുക്കണമെന്നും അതിന് കൂടെയുണ്ടാകുമെന്നും കെമാൽ പാഷ തന്നോട് സങ്കടം പറഞ്ഞ തൊഴിലാളികൾക്ക് ഉറപ്പു നൽകി. അവകാശങ്ങൾക്കായി പോരാടുമെന്നുറപ്പിച്ചാണ് തൊഴിലാളികൾ പിരിഞ്ഞത്. സാമൂഹിക പ്രവർത്തകനായ ഫാദർ അഗസ്റ്റിൻ വട്ടോളി, ഹൈക്കോടതി അഭിഭാഷകനായ അഡ്വ. വി.വി സുരേഷ്, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈ. പ്രസിഡന്റ് വി.എം ബേബി തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. റസാഖ് ചൂരവേലിൽ അധ്യക്ഷത വഹിച്ചു.