മൂന്നാർ ജുമാ മസ്ജിദിൻറെ പേരുകേട്ട ഔഷധക്കഞ്ഞി
text_fieldsമൂന്നാർ ടൗൺ ജുമാ മസ്ജിദിൽ നടക്കുന്ന ഔഷധക്കഞ്ഞി വിതരണം
മൂന്നാര്‍: നോമ്പുകാലങ്ങളിൽ മൂന്നാറിലെത്തുന്നവരെ കാത്തിരിക്കുന്നത് പ്രകൃതിയുടെ തണുപ്പ് മാത്രമല്ല, ഒരു നൂറ്റാണ്ടായി തുടർന്നുവരുന്ന അന്നദാനത്തിന്റെ പുണ്യം കൂടിയാണ്. മൂന്നാർ ജുമാ മസ്ജിദിൽ നിന്ന് വിതരണം ചെയ്യുന്ന ഔഷധക്കഞ്ഞി സ്വകരിക്കാൻ ജാതി മത ഭേദമില്ലാതെ ഓരോ നോമ്പുകാലത്തും വിദൂരങ്ങളിൽ നിന്നുള്ളവർ പോലും എത്തുന്നു. ഉലുവയും വെളുത്തുള്ളിയും ജീരകവും ചേര്‍ത്ത പ്രത്യേക കഞ്ഞിയാണ് വിതരണം ചെയ്യുന്നത്. ഒരു നൂറ്റാണ്ട് മുമ്പ് മൂന്നാറില്‍ ജുമാ മസ്ജിദ് ആരംഭിച്ച കാലം മുതല്‍ തുടങ്ങിയതാണ് കഞ്ഞി വിതരണം. അന്ന് ഇവിടെ മുസ്ലിം കുടുംബങ്ങള്‍ വളരെ കുറവായിരുന്നു.
പെരുമ്പാവൂർ, കോതമംഗലം, മുവാറ്റുപുഴ മേഖലയിൽ നിന്നും തമിഴ്നാട്ടിലെ രാജപാളയത്ത് നിന്നും മൂന്നാറിലേക്കെത്തുന്ന കച്ചവടക്കാരും വാഹനയാത്രക്കാരുമായിരുന്നു ആദ്യകാലത്ത് ഈ ഔഷധക്കഞ്ഞി കഴിച്ചിരുന്നത്. കാലം പിന്നിട്ടപ്പോൾ മൂന്നാറിലെ വ്യാപാരികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കുമൊക്കെ ഔഷധക്കഞ്ഞി പ്രിയപ്പെട്ടതായി. ഒരു നൂറ്റാണ്ടായി തുടരുന്ന കഞ്ഞി വിതരണം കോവിഡ് കാലത്ത് മാത്രമാണ് മുടങ്ങിയത്.
ഉച്ചയ്ക്ക് മുമ്പ് തന്നെ കഞ്ഞി തയ്യാറാക്കൽ തുടങ്ങും. ദിവസവും 300 പേർക്കാണ് കഞ്ഞി തയ്യാറാക്കുക. ഇതിൽ 100 ലേറെ പേർ ഇതരമത വിശ്വാസികളാണെന്ന് കാൽ നൂറ്റാണ്ടായി ഔഷധക്കഞ്ഞി തയാറാക്കുന്നതിന് നേതൃത്വം നൽകുന്ന സിന്ത മുതാർ മൈതീൻ പറയുന്നു. വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് കഞ്ഞി തയാറാകും. ചീഫ് ഇമാം ആഷിഖ് മൗലവി, ജമാഅത്ത് പ്രസിഡന്റ് കാദർ കുഞ്ഞ് റാപ്സി, വൈസ് പ്രസിഡൻ്റ് കരീം, ജനറൽ സെക്രട്ടറി നസീർ അഹമ്മദ്, മുഹമ്മദ് ഹാറൂൺ എന്നിവരുടെ നേതൃത്വത്തിലാണ് നോമ്പ് തുറയും മറ്റ് പ്രവർത്തനങ്ങളും നടക്കുന്നത്.