മഞ്ഞ് പുതച്ച് മൂന്നാർ; സീസണിലെ ഏറ്റവും താഴ്ന്ന താപനില
text_fieldsമൂന്നാർ ചെണ്ടുവര എസ്റ്റേറ്റിലെ പുൽതകിടികളിൽ മഞ്ഞ് വീണ് കിടക്കുന്നു
മൂന്നാർ: സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ രണ്ട് ഡിഗ്രി സെൽഷ്യസിൽ മൂന്നാർ. വെള്ളിയാഴ്ച പുലർച്ചെ കണ്ണൻദേവൻ കമ്പനിയുടെ ചെണ്ടുവര എസ്റ്റേറ്റിലാണ് രണ്ട് ഡിഗ്രി രേഖപ്പെടുത്തിയത്. ലക്ഷ്മി എസ്റ്റേറ്റിൽ നാലും സെവൻമലയിൽ അഞ്ചും മാട്ടുപ്പെട്ടിയിൽ ആറും ഡിഗ്രിയാണ് രേഖപ്പെടുത്തിയ താഴ്ന്ന താപനില.
സൈലന്റ് വാലിയിലും ദേവികുളത്തും ഏഴ് ഡിഗ്രി രേഖപ്പെടുത്തി. ചെണ്ടുവര ഫാക്ടറി ഡിവിഷനിലെ പുൽമേട്ടിൽ മഞ്ഞുവീഴ്ചയുണ്ടായി. മൂന്നാറിൽ ശൈത്യമെത്തിയതോടെ തെക്കിന്റെ കാശ്മീർ കാണാൻ കൂടുതൽ സഞ്ചാരികൾ എത്തി തുടങ്ങി. വരും ദിവസങ്ങളിൽ താപനില പൂജ്യത്തിനു താഴെയെത്തുമെന്നാണ് കരുതുന്നത്. നേരത്തെ 15ന് ചെണ്ടുവരയിലും ഉപാസി കേന്ദ്രത്തിലും കുറഞ്ഞ താപനില മൂന്നിലെത്തിയിരുന്നു. വട്ടവട, കാന്തല്ലൂർ മേഖലകളും തണുപ്പ് കൂടി വരുന്നതിനാൽ ഇവിടേക്കുള്ള വിനോദ സഞ്ചാര മേഖലയും സജീവമായിട്ടുണ്ട്.


