രത്തൻ ടാറ്റയുടെ വേർപാടിൽ തേങ്ങി മൂന്നാർ
text_fieldsമൂന്നാറിൽ രത്തൻ ടാറ്റയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു
മൂന്നാർ: മൂന്നാറിലെത്തി ജനഹൃദയം കീഴടക്കിയ രത്തൻ ടാറ്റയുടെ വേർപാടിൽ തേങ്ങി മൂന്നാറും. വികസനത്തിലും പച്ചപ്പ് നിലനിർത്തുകയെന്ന രത്തൻ ടാറ്റയുടെ പോളിസിയാണ് ഇപ്പോഴും തേയിലത്തോട്ടങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ മൂന്നാറിൽ അവശേഷിക്കുന്ന ഹരിതാഭ. മൂന്നാറിൽ സി.ബി.എസ്.ഇ സ്കൂൾ, ടീ മ്യുസിയം, ഭിന്നശേഷി കുട്ടികൾക്ക് തൊഴിൽ പരിശീലന കേന്ദ്രം, സൂപ്പർ ടീ ഫാക്ടറികൾ, പാക്കിങ് ഫാക്ടറികൾ, ഗവേഷണ കേന്ദ്രം തുടങ്ങി ഇന്ന് മൂന്നാറിൽ കാണുന്നതിൽ കൂടുതലും രത്തൻ ടാറ്റയുടെ സംഭാവനകളാണ്.
മൂന്നാർ, ദേവികുളം, ചിന്നക്കനാൽ, പള്ളിവാസൽ, മാങ്കുളം പഞ്ചായത്തുകളിലായി ടാറ്റയുടെ ഭൂമി വ്യാപിച്ച് കിടക്കുന്നു. 1976ലാണ് ടാറ്റയുടെ മൂന്നാർ പ്രവേശനം. 1964ൽ ഫിൻലേ (കണ്ണൻ ദേവൻ) കമ്പനിയുമായി ചേർന്ന് നല്ലതണ്ണിയിൽ ഇൻസ്റ്റന്റ് ടീ ഫാക്ടറി സ്ഥാപിച്ചെങ്കിലും ഭൂമിയിൽ പങ്കാളിത്തം വരുന്നത് 1976ൽ ടാറ്റാ ഫിൻലേയിലൂടെയാണ്. 1983ൽ പൂർണമായും ടാറ്റ ടീയിലൂടെ മൂന്നാറിന്റെ ഉടമയായി ടാറ്റ. മാറ്റങ്ങളുടെ കാലമായിരുന്നു ടാറ്റയുഗം. ടാറ്റ ടീ വൈസ് പ്രസിഡൻറ് മലയാളിയായ ആർ.കെ. കൃഷ്ണകുമാറിന്റെ പദ്ധതികൾക്ക് ടാറ്റ അനുമതി നൽകി.
തൊഴിലാളികളുടെ ലയങ്ങൾ വൈദ്യുതീകരിച്ചതും ഇക്കാലത്താണ്. പരിസ്ഥിതി സംരക്ഷണത്തിനും ആദിവാസി ക്ഷേമത്തിനും മുന്തിയ പരിഗണന നൽകി. ഇതിനിടെ സർക്കാർ ഭൂമി ടാറ്റ കൈവശപ്പെടുത്തി എന്ന ആരോപണവുമായി വി.എസ്. അച്യുതാനന്ദൻ വന്നതോടെ കഥ മാറി. ഭൂമി സർവേ ചെയ്യാൻ വന്ന സർക്കാർ ഉദ്യോഗസ്ഥർ സർക്കാർ ഭൂമിയുടെ വിൽപ്പനക്കാരായി.
അതിനിടെ, ആഗോള തല തേയില വിപണിയിൽ പ്രതിസന്ധിയുണ്ടായതിനെ തുടർന്ന് 2005ൽ ടാറ്റ ടീ വ്യവസായത്തിൽ നിന്ന് പിന്മാറി. തൊഴിലാളികൾക്ക് പങ്കാളിത്തമുള്ള കെ.ഡി.എച്ച്.പി തേയില വ്യവസായ നടത്തിപ്പ് കൈമാറി.
എങ്കിലും ഭൂമിയുടെ അവകാശവും മൂന്നാറിലെ ആശുപത്രിയും പള്ളിവാസൽ, പെരിയകനാൽ എസ്റ്റേറ്റുകളും ടാറ്റക്കാണ്.
ഇടക്ക് പല തവണ രത്തൻ ടാറ്റ മൂന്നാർ സന്ദർശിച്ചു. ചെണ്ടുവര സൂപ്പർ ടീ ഫാക്ടറി ഉദ്ഘാടനം, ഹൈറേഞ്ച് സ്കൂൾ വാർഷികത്തിനും ടീ മ്യുസിയം ഉദ്ഘാടനത്തിനും എത്തി. ടാറ്റ ജനറൽ ആശുപത്രിയും സന്ദർശിച്ചു. രത്തൻ ടാറ്റയുടെ വേർപാടിൽ മൂന്നാറിന്റെ മനസ്സിനും നോവേറ്റിരിക്കുകയാണ്.