മുതിരപ്പുഴയാർ കവർന്ന സഹപാഠികളുടെ ഓർമ പുതുക്കാൻ അവർ വീണ്ടും...
text_fieldsമുതിരപ്പുഴയാറിൽ മുങ്ങിമരിച്ചവരുടെ ഓർമക്കായി സ്ഥാപിച്ച ഫലകം
മൂന്നാർ: മുതിരപ്പുഴയാറിൽ മുങ്ങിമരിച്ച സഹപാഠികളുടെ ഓർമപുതുക്കാൻ ഒരിക്കൽ കൂടി അവരെത്തും. മുതിരപ്പുഴയാർ കവർന്ന 14 കുട്ടികളുടെ സഹപാഠികളും ബന്ധുക്കളുമാണ് ഇത്തവണയും എത്തുന്നത്. മൂന്നാർ ജി.വി.എച്ച്.എസ്.എസിന്‍റെയും പൂർവവിദ്യാർഥി സംഘടനയുടെയും ആഭിമുഖ്യത്തിൽ ഏഴിന് രാവിലെ 10.30 ന് വിദ്യാർഥി സ്മാരകത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തും.
1984 നവംബർ ഏഴിന് രാവിലെ 10.30 ഓടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം നടന്നത്. മൂന്നാര്‍ ഹൈറേഞ്ച് ക്ലബ് മൈതാനിയില്‍ ഇറങ്ങിയ ഹെലികോപ്ടര്‍ നേരിൽകാണാനുള്ള ആവേശത്തില്‍ ഓടിയെത്തിയ മൂന്നാർ ഗവ. ഹൈസ്കൂളിലെ വിദ്യാർഥികളാണ്, തൂക്കുപാലത്തിലേക്ക് കയറിയതോടെ പാലം തകർന്ന് മുതിരപ്പുഴയിൽ പതിച്ചത്.
എ. രാജലക്ഷ്മി, എസ്. ജയലക്ഷ്മി, എം. വിജയ, എൻ. മാരിയമ്മാൾ, ആർ. തങ്കമല, പി. സരസ്വതി, കല്യാണകുമാർ, സുന്ദരി, പി. റാബിയ, ടി. ജെൻസി, ടി. ശിബു, പി. മുത്തുമാരി, എസ്. കലയമ്മാൾ, സി. രാജേന്ദ്രൻ എന്നിവരാണ് മരിച്ചത്. അന്ന് തകർന്ന തൂക്ക്പാലം പുതുക്കിപ്പണിതെങ്കിലും 2018ലെ പ്രളയത്തിൽ വീണ്ടും തകർന്നു.


