ബോൾഗാട്ടി ടു മാട്ടുപ്പെട്ടി ജലവിമാനം ഉടൻ
text_fieldsമൂന്നാർ: എറണാകുളം ബോൾഗാട്ടിയിൽ നിന്ന് പറന്നുയർന്ന് പശ്ചിമഘട്ടത്തിന്റെ ഹരിതാഭ ആകാശത്തിരുന്ന് ആസ്വദിക്കാൻ വഴിയൊരുക്കുന്ന ‘ജലവിമാന ടൂറിസം പദ്ധതി’ഉടൻ തുടങ്ങുന്നു.
മാട്ടുപ്പെട്ടി അണക്കെട്ടിലേക്കാണ് ബോൾഗാട്ടിയിൽ നിന്ന് സീ പ്ലെയിൻ (ജലവിമാനം) പറന്നിറങ്ങുന്നത്. സർവീസ് തുടങ്ങുന്നതിന് പരിശോധനകൾ പൂർത്തിയായിട്ടുണ്ട്. പരിശീലനപ്പറക്കൽ ഒരാഴ്ചക്കുള്ളിൽ ഉണ്ടാകും. കൊച്ചിയിലെ ബോൾഗാട്ടി പാലസിൽ നിന്നാണ് ആദ്യ പരീക്ഷണപ്പറക്കൽ.
വിമാനത്തിൽ എട്ടു പേർക്കു സഞ്ചരിക്കാം. വെള്ളത്തിലും കരയിലും ലാൻഡ് ചെയ്യുകയും പറന്നുയരുകയും ചെയ്യുന്ന ജലവിമാനമാണു സർവീസ് നടത്തുന്നത്. വിനോദസഞ്ചാരികൾക്കു മൂന്നാറിന്റെ പ്രകൃതിഭംഗി മുഴുവൻ ഈ ആകാശയാത്രയിൽ നുകരാനാകും.
സാധാരണ വിമാനങ്ങളെ അപേക്ഷിച്ച് വലിയ ജനാലകളാണു ജലവിമാനങ്ങൾക്ക്. ഇതിനുള്ള ‘വിമാനത്താവളമായ’വാട്ടർ എയറോഡ്രോം മാട്ടുപ്പെട്ടി ഡാമിൽ നിലവിലുള്ള ബോട്ടുജെട്ടിക്കു സമീപം സ്ഥാപിക്കാനാണു നീക്കം.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടർ, ഡാം സേഫ്റ്റി ചീഫ് എൻജിനീയർ, സിയാൽ അധികൃതർ, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം മാട്ടുപ്പെട്ടി ഡാമിൽ പരിശോധന നടത്തി. ജലവിമാനങ്ങൾ സർവീസ് നടത്താൻ പ്രദേശം ഉചിതമെന്നു കണ്ടെത്തിയിട്ടുണ്ട്. വനംവകുപ്പ് ഉന്നതോദ്യോഗസ്ഥരുടെ പരിശോധനയും കഴിഞ്ഞു.