കാറിന് നേരെ കാട്ടാനയുടെ പരാക്രമം; മൂന്നാറിൽ ജനവാസ മേഖലയിൽ കാട്ടുപോത്തും ഭീഷണി
text_fieldsമാട്ടുപ്പെട്ടി ഹൈറേഞ്ച് സ്കൂളിന് സമീപം നിലയുറപ്പിച്ച പടയപ്പ, ആനയുടെ ആക്രമണത്തിൽ തകർന്ന കാർ
അടിമാലി: മൂന്നാറിൽ ജനവാസ മേഖലയിൽ ഭീതിപരത്തി കാട്ടാനയും കാട്ടുപോത്തിൽ കൂട്ടവും. ചൊവ്വാഴ്ച രാവിലെ ആറോടെ മാട്ടുപ്പെട്ടി ഹൈറേഞ്ച് സ്കൂളിനോട് ചേർന്ന് ഇറങ്ങിയ പടയപ്പയെന്ന കാട്ടാന മണിക്കൂറുകളോളമാണ് പ്രദേശത്ത് ഭീതി പരത്തിയത്. ഇതിനിടെ മാട്ടുപ്പെട്ടി ആർ ആൻറ് ഡി എസ്റ്റേറ്റിന് സമീപം പാതയോരത്ത് നിർത്തിയിട്ടിരുന്ന കാറും പടയപ്പയുടെ പരാക്രമത്തിൽ തകർന്നു.
തുടർന്ന്, വനത്തിലേക്ക് തിരികെപ്പോയ ആന വീണ്ടും തിരിച്ചെത്തി ജനവാസമേഖലയിൽ തുടരുകയായിരുന്നു. ഒരാഴ്ചയായി ജനവാസമേഖലയിൽ തുടരുന്ന ആന ഏക്കറുകണക്കിന് കൃഷിയാണ് നശിപ്പിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.
ഇതിനിടെ, വൈകീട്ട് ഏഴോടെ മൂന്നാർ കുറ്റിയാർ വാലി റോഡിൽ അഞ്ചോളം കാട്ടുപോത്തുകളും ഇറങ്ങി നിലയുറപ്പിക്കുകയായിരുന്നു. റോഡുമുറിച്ചുകന്നെത്തിയ കാട്ടുപോത്ത് കൂട്ടം രാത്രി വൈകിയും ജനവാസമേഖലയിൽ നിലയുയറപ്പിച്ചത് ആശങ്കയായി. വനംവകുപ്പ് അധികൃതരെ അറിയിച്ചിട്ടും ഇത്തരം സംഭവങ്ങളിൽ ഇടപെടലുണ്ടാകുന്നില്ലെന്നും പരാതിയുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ആറോളം പശുക്കളാണ് മേഖലയിൽ കടുവയുടെ ആക്രമണത്തിൽ കൊലപ്പെടുത്തിയത്. വന്യമൃഗ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഭീതിയിലാണ് തോട്ടം മേഖല.


