വിജയമ്മ കൊലക്കേസ്; പ്രതിക്ക് 21 വർഷം തടവും രണ്ടുലക്ഷം പിഴയും
text_fieldsരതീഷ്
മുട്ടം: വണ്ടിപ്പെരിയാർ ഡൈമുക്കിൽ വീട്ടമ്മയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് 21 വർഷം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ നാലുവർഷം കൂടി തടവ് അനുഭവിക്കണം.
ഡൈമുക്ക് പുന്നവേലി വീട്ടിൽ വിക്രമൻ നായരുടെ ഭാര്യ വിജയമ്മയെ (50) കൊലപ്പെടുത്തിയ കേസിലാണ് വ്യാഴാഴ്ച ശിക്ഷ വിധിച്ചത്. ഫസ്റ്റ് അഡീഷനൽ സെഷൻസ് ജഡ്ജി ആഷ് കെ. ബാലാണ് വിധി പറഞ്ഞത്. കേസിൽ ഡൈമുക്ക് ബംഗ്ലാവ്മുക്ക് സ്വദേശി രതീഷ് (33) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
2020 ഫെബ്രുവരി 23നാണ് കേസിനാസ്പദമായ സംഭവം. പക്ഷികളെ പിടിക്കാൻ മരത്തിൽ കയറിയിരുന്ന രതീഷ് മേയാൻ വിട്ട പശുവിനെ തിരിച്ചുകൊണ്ടുവരാൻ തേയിലത്തോട്ടത്തിലെ മൊട്ടക്കുന്നിലേക്കു നടന്നുപോകുന്ന വിജയമ്മയെ കണ്ടു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ ഒഴിവാക്കിയ ശേഷം രതീഷ് വിജയമ്മയെ ആക്രമിക്കുകയായിരുന്നു. തലക്ക് പിന്നിൽ കത്തിയുടെ പിടികൊണ്ട് അടിച്ചു ബോധംകെടുത്തിയശേഷം വിജയമ്മയെ പീഡിപ്പിക്കുകയായിരുന്നു.
ഇതിനിടെ വീട്ടമ്മ ഉണർന്നപ്പോൾ കത്തികൊണ്ട് തലക്ക് പിന്നിൽ വെട്ടി മരണം ഉറപ്പാക്കി. ഇതിന് ശേഷം മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി ജില്ല പ്രോസിക്യൂട്ടർ പി.എസ്. രാജേഷ് ഹാജരായി.