കരുതൽ മേഖല; ഉത്തരവ് പിൻവലിച്ചിട്ടും ആശങ്ക ബാക്കി
text_fieldsജലസംഭരണികളുടെ സമീപത്ത് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച് ഇറക്കിയ ഉത്തരവ്
മുട്ടം: ജലാശയങ്ങൾക്ക് ചുറ്റും 20 മീറ്റർ കരുതൽ മേഖലയും തുടർന്നുള്ള 100 മീറ്റർ പരിധിയിൽ നിർമാണ നിയന്ത്രണവും ഏർപ്പെടുത്തിയ വിവാദ ഉത്തരവ് പിൻവലിച്ചെങ്കിലും ഉത്തരവിൽ പറയുന്ന പ്രകാരം ‘ഇന്നലെ വരെ സ്വീകരിച്ച എല്ലാ നടപടികളും സാധുവായി തുടരും’ എന്ന് ജലവിഭവ വകുപ്പ് പറയുന്നു.
ഏപ്രിൽ മൂന്നിന് ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമായി പറയുന്നത്. കരുതൽ മേഖലയുമായി ബന്ധപ്പെട്ട് ഇന്നലെ വരെ സ്വീകരിച്ച എല്ലാ നടപടികളും സാധുവായി തുടരുമെന്ന ഉത്തരവിലെ പരാമർശം നിലനിൽക്കുന്നതിനാൽ ആരെങ്കിലും ഇതിനകം ജലവിഭവ വകുപ്പിൽ അപേക്ഷ സമർപ്പിക്കുകയും അത് നിരസിക്കുകയോ പരിഗണനയിൽ ആയിരിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ആ കേസുകളെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. കരുതൽ മേഖല തീരുമാനിച്ച് 2024 ഡിസംബർ 26നാണ് സർക്കാർ ഉത്തരവിറക്കിയത്.
ഇതിൽ ആദ്യ 20 മീറ്റർ ചുറ്റളവിൽ ഒരു നിർമാണവും പാടില്ല. തുടർന്നുള്ള 100 മീറ്റർ ചുറ്റളവിൽ നിർമാണത്തിന് എക്സി. എൻജിനീയറുടെ എൻ.ഒ.സി വേണം. ഇവിടെയും മൂന്നു നിലകളിലുള്ള (പരമാവധി 10 മീറ്റർ ഉയരം) നിർമാണപ്രവർത്തനങ്ങൾക്കേ അനുമതി നൽകുകയുള്ളൂ. ഈ സോണിന് കീഴിലുള്ള എല്ലാ പുതിയ നിർമാണ പ്രവർത്തനങ്ങൾക്കും പുതിയ നിയമം ബാധകമാകും എന്നുമായിരുന്നു ഉത്തരവ്. ഈ ഉത്തരവാണ് പ്രതിഷേധം ശക്തമായതോടെ പിൻവലിച്ചത്.
എന്നാൽ, പിൻവലിച്ച ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത് ‘ഇന്നലെ വരെയുള്ള നടപടികൾ സാധുവായി തുടരും’ എന്നാണ്. ഇതിൽ വ്യക്തത വരുത്താത്ത പക്ഷം ചിലരെ എങ്കിലും ഉത്തരവ് ദോഷകരമായി ബാധിക്കും എന്ന ആശങ്കയുണ്ട്.
‘കരുതൽ മേഖല വ്യാപിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കണം’
തൊടുപുഴ: ജലവിഭവ വകുപ്പിന്റെ ഡാമുകൾക്ക് ചുറ്റുമേർപ്പെടുത്തിയ കരുതൽ മേഖല വൈദ്യുതി ബോർഡിന്റെ ഡാമുകളിലേക്കും വ്യാപിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ബിജോ മാണി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മാർച്ച് 25ന് വൈദ്യുതി മന്ത്രി രേഖാമൂലം നൽകിയ മറുപടിയിലാണ് ജലവിഭവ വകുപ്പ് ഇറക്കിയ ഉത്തരവ് വൈദ്യുതി ബോർഡിന്റെ ഡാമുകളിലേക്കും വ്യാപിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് അറിയിച്ചത്. മന്ത്രി റോഷി അഗസ്റ്റിൻ മാത്രമാണ് ഉത്തരവിന് ഉത്തരവാദിയെന്ന് അദ്ദേഹം ആരോപിച്ചു.
ഡാമുകൾക്ക് ചുറ്റുമുള്ള നിർമാണപ്രവർത്തനങ്ങൾക്ക് എൻ.ഒ.സി നൽകുന്നതിനെ കുറിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ 2023ൽ ജലവിഭവ വകുപ്പ് നിയമിച്ച എട്ടംഗ സമിതിയുടെ റിപ്പോർട്ട് അതേപടി നടപ്പാക്കിയതാണ് പ്രശ്നത്തിന് കാരണം.
ഈ ഉത്തരവാണ് വൈദ്യുതി ബോർഡ് അവരുടെ ഡാമുകളിലേക്കും വ്യാപിപ്പിക്കുന്നത്. ഡാമുകളുടെ പരമാവധി ജലനിരപ്പ് മുതൽ 120 മീറ്ററാണ് ബഫർസോണിലാകാൻ പോകുന്നത്. ഇതിൽ 20 മീറ്ററിൽ ഒരു നിർമാണവും പാടില്ല. തുടർന്നുള്ള 100 മീറ്ററിൽ നിർമാണത്തിന് എൻ.ഒ.സി ആവശ്യമാണ്.
കേരളത്തിൽ വൈദ്യുതി ബോർഡിന്റെ നിയന്ത്രണത്തിലുള്ള 59 ഡാമുകളിൽ 24 എണ്ണവും ജില്ലയിലാണ്. 24 പഞ്ചായത്തുകളെയും കട്ടപ്പന മുനിസിപ്പാലിറ്റിയെയും ഉത്തരവ് പ്രതികൂലമായി ബാധിക്കും. അതിനാൽ കരുതൽ മേഖല നടപ്പാക്കാനുള്ള വൈദ്യുതി വകുപ്പിന്റെ തീരുമാനം ഉടൻ പിൻവലിക്കണമെന്നും അല്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ബിജോ മാണി പറഞ്ഞു.
വാർത്തസമ്മേളനത്തിൽ ഡി.സി.സി വൈസ് പ്രസിഡന്റ് മുകേഷ് മോഹൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷിബിലി സാഹിബ്, മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.