മലങ്കര സമ്പൂര്‍ണ കുടിവെള്ള പദ്ധതി അന്തിമഘട്ടത്തിൽ
text_fieldsനിർമാണം പുരോഗമിക്കുന്ന മലങ്കര സമ്പൂർണ കുടിവെള്ള പദ്ധതിയുടെ പ്ലാന്റ്
മുട്ടം: കരിങ്കുന്നം, മുട്ടം, കുടയത്തൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ ശുദ്ധജല വിതരണം യാഥാര്‍ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന മലങ്കര സമ്പൂര്‍ണ കുടിവെള്ള പദ്ധതി അന്തിമഘട്ടത്തില്‍. നബാര്‍ഡിന്റെയും ജലജീവന്‍ മിഷന്റെയും സഹായത്തോടെയാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്.
മലങ്കര ജലാശയത്തില്‍ സ്ഥാപിച്ച ആറ് മീറ്റര്‍ വ്യാസമുള്ള കിണറ്റില്‍നിന്ന് ജലം ശേഖരിച്ച് പെരുമറ്റത്ത് എം.വി.ഐ.പിയുടെ (മുവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ട്) ഭൂമിയിലെ ജലശുദ്ധീകരണ ശാലയിലെത്തിച്ച് ശുദ്ധീകരിച്ചതിന് ശേഷം വിതരണം ചെയ്യും. മൂലമറ്റം വൈദ്യുതി ഉല്പാദന നിലയത്തില്‍നിന്ന് ഉല്പാദന ശേഷം മലങ്കര ജലാശയത്തിലേക്ക് പുറംതള്ളുന്ന ജലമാണ് ശുദ്ധീകരണ പ്ലാന്റിലേക്കെടുക്കുക.
മാത്തപ്പാറയിലെ നിലവിലുള്ള പമ്പ്ഹൗസ് നിലനിര്‍ത്തി പുതിയ മോട്ടോറുകള്‍ സ്ഥാപിച്ച് പ്രതിദിനം 11 ദശലക്ഷം ലിറ്റര്‍ ജലം ശുദ്ധീകരിക്കാന്‍ കഴിവുള്ള പ്ലാന്റിലേക്ക് ജലം എത്തിക്കും. ജലശുദ്ധീകരണശാലയുടെ വിവിധ ഘടകങ്ങളായ എയറേറ്റര്‍, റോ വാട്ടര്‍ ചാനല്‍, ഫ്ലാഷ് മിക്സര്‍, ക്ലാരിഫ്ലോക്കുലേറ്റര്‍, ഫില്‍ട്ടര്‍ ഹൗസ്, ക്ലിയര്‍ വാട്ടര്‍ ചാനല്‍, ക്ലിയര്‍ വാട്ടര്‍ സമ്പ്, ക്ലിയര്‍ വാട്ടര്‍ പമ്പ് ഹൗസ് എന്നിവയുടെ നിർമാണം പൂര്‍ത്തീകരിച്ചു. അവശേഷിക്കുന്ന ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ പ്രവൃത്തി പുരോഗമിക്കുന്നു. ജല ശുദ്ധീകരണ ശാലയുടെ 93 മീറ്റര്‍ നീളമുള്ള സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണവും പൂര്‍ത്തിയായി.
നബാര്‍ഡില്‍നിന്ന് ലഭിച്ച 18.67 കോടി രൂപ വിനിയോഗിച്ചാണ് നിർമാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഗാര്‍ഹികകുടിവെള്ള കണക്ഷനുകള്‍ ഇല്ലാത്ത പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നിലവിലുള്ള പദ്ധതിയുടെ പുനരുദ്ധാരണത്തിനു വേണ്ടി ജലജീവന്‍ മിഷന് വഴി മുട്ടം, കരിംകുന്നം പഞ്ചായത്തിനുവേണ്ടി 85.62 കോടി രൂപയും കുടയത്തൂര്‍ പഞ്ചായത്തിന് 39.56 കോടിയും ചെലവഴിച്ചാണ് സമ്പൂര്‍ണ കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്.