മലങ്കര എസ്റ്റേറ്റ് തോട്ട ഭൂമി മുറിച്ചുവിറ്റ സംഭവം നടപടി ആരംഭിച്ച് റവന്യൂ വിഭാഗം
text_fields(representative image)
മുട്ടം: കേരള ഭൂപരിഷ്കരണ നിയമം 1963 പ്രകാരം ഇളവ് നേടിയ ഭൂമി തരം മാറ്റി മുറിച്ചുവിൽക്കുന്നതിൽ നിയമ നടപടി ആരംഭിച്ച് റവന്യൂ വകുപ്പ്. മലങ്കര റബർ പ്രൊഡ്യൂസിങ് എസ്റ്റേറ്റ് കമ്പനി തോട്ട ഭൂമി മുറിച്ചുവിറ്റ സംഭവത്തിലാണ് നടപടി ആരംഭിച്ചത്. ഭൂപരിഷ്കരണ നിയമം -1963 ചട്ടം 81(1) ലംഘിച്ച് അനധികൃതമായി മുറിച്ചു വിൽക്കുകയും തരം മാറ്റി വാണിജ്യ കെട്ടിടങ്ങളും മറ്റും നിർമിച്ചതായും മുട്ടം വില്ലേജ് ഓഫിസർ റിപ്പോർട്ട് നൽകി.
2024 മേയിൽ മുട്ടം സ്വദേശി മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. തോട്ടം ഭൂമി മുറിച്ച് വിൽക്കുകയും നിയമവിരുദ്ധമായി കെട്ടിടങ്ങൾ നിർമിക്കുകയും ചെയ്തു എന്നതായിരുന്നു പരാതി. ആലക്കോട്, മുട്ടം, കരിങ്കുന്നം, കാരിക്കോട് വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന മലങ്കര എസ്റ്റേറ്റ് കമ്പനിക്ക് 674 ഹെക്ടർ പട്ടയ ഭൂമിയും 9.337 ഹെക്ടർ പാട്ട ഭൂമിയുമാണുള്ളത്. ഇതിൽ ആറ് ഹെക്ടർ ഭൂമിയാണ് സ്വകാര്യ വ്യക്തികൾക്ക് മുറിച്ചുവിറ്റു എന്നതാണ് പരാതി. 50ഓളം പേർക്കായിട്ടാണ് ഭൂമി വിറ്റിരിക്കുന്നത്. ഇതിൽ അധികവും വാങ്ങിയിട്ടുള്ളത് കരിങ്കുന്നം, തൊടുപുഴ, വെള്ളിയാമറ്റം, മണക്കാട്, കടനാട്, മൂലമറ്റം, ആലക്കോട്, കാഞ്ഞിരപ്പള്ളി സ്വദേശികളാണ്.
തോട്ട ഭൂമി തരം മാറ്റാൻ പാടില്ല എന്ന നിയമം നിലനിൽക്കെയാണ് ചില കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ മുറിച്ചുവിൽക്കുന്നത്. ഇക്കാര്യങ്ങളിൽ വിശദ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പരാതി. തോട്ട ഭൂമിയിൽ കെട്ടിടങ്ങൾ നിർമിക്കാൻ മുട്ടം പഞ്ചായത്ത് അനുമതിയും നൽകുന്നതായി പരാതിയിൽ വ്യക്തമാക്കുന്നു. ഇവയിൽ വ്യവസായങ്ങളും വ്യാപാരങ്ങളും നടന്നു വരുന്നു. തോട്ട ഭൂമിയെന്ന് കരം ഒടുക്ക് രസീതിൽ രേഖപ്പെടുത്തിയിട്ടും പെർമിറ്റിനും ലൈസൻസും നൽകി വന്നിരുന്നു.
എന്നാൽ, ഇക്കാര്യം വാർത്തകൾ ആയതോടെ പഞ്ചായത്ത് അനുമതി നിരസിച്ചു. ഇതിനെതിരെ സ്വകാര്യ വ്യക്തികൾ ഹൈകോടതിയെ സമീപിച്ചതോടെ വീണ്ടും അനുമതി നൽകി. നാല് വില്ലേജുകളിലായിട്ടാണ് മലങ്കര എസ്റ്റേറ്റിന് ഭൂമിയുള്ളത്. എങ്കിലും മുട്ടം വില്ലേജ് പരിധിയിലുള്ള തോട്ടം വക ഭൂമി മാത്രമാണ് മുറിച്ചുവിറ്റിട്ടുള്ളതായി കണ്ടെത്തിയത്. മുട്ടം വില്ലേജ് പരിധിയിൽ 247.8557 ഹെക്ടർ ഭൂമിയാണ് മലങ്കരക്ക് ഉള്ളത്. കാരിക്കോട് വില്ലേജിൽ 210.3600 ഹെക്ടറും കരിങ്കുന്നം വില്ലേജിൽ 53.78.04 ഹെക്ടറും ആലക്കോട് 161.92.40 ഹെക്ടർ ഭൂമിയുമാണ് ഉള്ളത്.
സംസ്ഥാന പാതയുടെ തീരത്ത് ഉൾപ്പടെയുള്ള ലക്ഷക്കണക്കിന് രൂപ വിലവരുന്ന ഭൂമിയാണ് മലങ്കരക്കുള്ളത്. തോട്ടം ഭൂമി വിൽപനക്ക് അനുമതി ലഭിച്ചാൽ പോലും തരം മാറ്റാൻ നിയമപ്രകാരം കഴിയില്ല.
വാങ്ങുന്ന എസ്റ്റേറ്റ് ഭൂമിയിൽ ഏത് തരം കൃഷിയാണോ ഉള്ളത് അത് തന്നെ കൃഷി ചെയ്യണമെന്നാണ് നിയമം. എന്നാൽ, അതെല്ലാം കാറ്റിൽ പറത്തിയാണ് ബഹുനില മന്ദിരങ്ങൾ ഉൾപ്പെടെ നിർമിക്കുന്നത്. പാവപ്പെട്ടവർക്ക് ഭൂമി നൽകാൻ 1970 ൽ അച്യുതമേനോൻ സർക്കാർ കൊണ്ടുവന്നതാണ് ഭൂപരിഷ്കരണ നിയമം. തോട്ടഭൂമി മുറിച്ചുകൊടുക്കുമ്പോ തോട്ടമായി നിലനിർത്തണമെന്നാണ് വ്യവസ്ഥ.