തീരവാസികൾക്ക് ആശ്വാസം; വിവാദ ബഫർ സോൺ ഉത്തരവ് പിൻവലിക്കുമെന്ന് മന്ത്രി നിയമസഭയിൽ
text_fieldsമുട്ടം: മലങ്കര ജലാശയ തീരം ഉൾപ്പടെ സംസ്ഥാനത്തെ ജലസേചന വകുപ്പിന്റെ അണക്കെട്ടുകൾക്കു ചുറ്റും സർക്കാർ ഏർപ്പെടുത്തിയ ബഫർ സോൺ നിയന്ത്രണം പിൻവലിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രഖ്യാപനം ആശ്വാസമായി. ജലാശയ തീരത്തെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്നതാണ് പുതിയ തീരുമാനം. അഞ്ചും പത്തും സെന്റ് മാത്രം ഭൂമിയുള്ളവരും സർക്കാർ പതിച്ച് നൽകിയ നാല് സെന്റ് കോളനികളിൽ കഴിയുന്നവരുമായിരുന്നു ഏറെ ആശങ്കയിൽ.
2024 ഡിസംബർ 26ന് ഇറക്കിയ വിവാദ ഉത്തരവാണ് 89 ദിവസങ്ങൾക്ക് ശേഷം പിൻവലിക്കാൻ തീരുമാനിച്ചത്. ഉത്തരവിന് എതിരെ യു.ഡി.എഫും യൂത്ത് കോൺഗ്രസും സമര പരമ്പരകളുമായി രംഗത്ത് ഉണ്ടായിരുന്നു.
ബഹുജന പ്രക്ഷോഭങ്ങൾക്ക് നാട്ടുകാരും തയാറെടുത്തിരുന്നു. ഇതിനിടെയാണ് ഉത്തരവ് പിൻവലിക്കാൻ മന്ത്രി നിയമസഭയിൽ സന്നദ്ധത അറിയിച്ചത്. ആശങ്ക വേണ്ടെന്ന് മന്ത്രി നിയമസഭയിൽ ഉൾപ്പടെ പറഞ്ഞിട്ടും നാട്ടുകാരും പ്രതിപക്ഷ സംഘടനകളും സമരത്തിൽ നിന്ന് പിന്മാറാൻ തയാറായിരുന്നില്ല.
ജലാശയത്തിന്റെ 120 മീറ്റർ ചുറ്റളവിൽ മുട്ടം പഞ്ചായത്തിൽ മാത്രം 50ഓളം വീടുണ്ട്. സമാന അവസ്ഥയാണ് കുടയത്തൂർ, അറക്കുളം, വെള്ളിയാമറ്റം പഞ്ചായത്തുകളിലും. ജലസംഭരണികളുടെ പരമാവധി സംഭരണശേഷി മുതൽ രണ്ട് കാറ്റഗറികളായി തിരിച്ചാണ് ബഫർസോൺ ഉത്തരവിറക്കിയത്.
ഇതിൽ ആദ്യ 20 മീറ്റർ ചുറ്റളവിൽ ഒരു നിർമാണവും പാടില്ല. തുടർന്നുള്ള 100 മീറ്റർ ചുറ്റളവിൽ നിർമാണത്തിന് എക്സിക്യൂട്ടിവ് എൻജിനീയറുടെ എൻ.ഒ.സി വേണം. ഇവിടെയും മൂന്നു നിലകളിലുള്ള (പരമാവധി 10 മീറ്റർ ഉയരം) നിർമാണപ്രവർത്തനങ്ങൾക്കേ അനുമതി നൽകൂ.
ഈ സോണിന് കീഴിലുള്ള എല്ലാ പുതിയ നിർമാണ പ്രവർത്തനങ്ങൾക്കും പുതിയ നിയമം ബാധകമാകും എന്നുമായിരുന്നു ഉത്തരവ്. ഉത്തരവ് പിൻവലിക്കുമെന്ന് അറിയിച്ചെങ്കിലും എന്ന് പിൻവലിക്കുമെന്ന് മാത്രം ഇനിയും വ്യക്തമായിട്ടില്ല.
ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നൽകിയ അടിയന്തര പ്രമേയത്തിൽ നടന്ന ചർച്ചയിൽ ഉത്തരവ് നടപ്പാക്കില്ലെന്ന് മന്ത്രി പറയുകയല്ല, ഉത്തരവ് പിൻവലിക്കുമെന്ന് വ്യക്തമാക്കുകയാണ് വേണ്ടതെന്നാണ് ആവശ്യപ്പെട്ടത്.