കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്ന് ആശങ്ക; മുട്ടം-കരിങ്കുന്നം-കുടയത്തൂർ കുടിവെള്ള പദ്ധതിക്ക് ഒച്ചിഴയും വേഗം
text_fieldsപെരുമറ്റത്തെ കുടിവെള്ള ശുചീകരണ ശാല
മുട്ടം: മഴക്കാലം പെയ്ത് ഒഴിഞ്ഞാൽ മുട്ടം, കരിങ്കുന്നം, കുടയത്തൂർ പഞ്ചായത്തുകൾ കടുത്ത കുടിവെള്ളക്ഷാമം അനുഭവിക്കേണ്ടി വരുമെന്ന് ആശങ്ക. ഇവിടുത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ആരംഭിച്ച സമ്പൂർണ കുടിവെള്ള പദ്ധതി ഒച്ചിഴയും വേഗത്തിലാണ് നടക്കുന്നത്. 2024 മാർച്ചിൽ പൂർത്തീകരിക്കേണ്ട മുട്ടം-കരിങ്കുന്നം-കുടയത്തൂർ സമ്പൂർണ പദ്ധതിയുടെ നിർമാണം 2025 പകുതി പിന്നിട്ടിട്ടും പൂർത്തീകരിക്കാൻ കഴിയുന്നില്ല. പദ്ധതിയുടെ 75 ശതമാനം മാത്രമാണ് പൂർത്തിയായത്.
വില്ലനായി സാമ്പത്തിക പ്രതിസന്ധി
സർക്കാറിന്റെ സാമ്പത്തിക ഞെരുക്കം മൂലം കരാറുകാർക്ക് കോടിക്കണക്കിന് രൂപയാണ് കുടിശ്ശിക ഇനത്തിൽ കൊടുക്കാനുള്ളത്. ഇതുമൂലം മിനിമം ജീവനക്കാരെ മാത്രംവെച്ച് മന്ദഗതിയിലാണ് നിർമാണം നടന്നുവരുന്നത്. എന്നാൽ, മൂന്ന് പഞ്ചായത്തിലേക്ക് വെള്ളം വിതരണം ചെയ്യുന്ന ശുചീകരണ ശാലയുടെ നിർമാണം പെരുമറ്റത്ത് പുരോഗമിക്കുന്നുണ്ട്.
പമ്പിങ് മോട്ടോർ, പമ്പിങ് ലൈൻ, ടൈൽ പാകൽ തുടങ്ങിയ 20 ശതമാനം ജോലികൾ മാത്രമാണ് ഇനി പൂർത്തിയാകാനുള്ളത്. ഫണ്ടിന്റെ അപര്യാപ്തതയാണ് നിർമാണം വൈകാൻ കാരണമായി കരാറുകാരും പറയുന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ മുപ്പതിനായിരത്തിലധികം വീടുകളിൽ ശുദ്ധജലം ലഭിക്കും.
100 കോടിയുടെ പദ്ധതി
നൂറ് കോടിയോളം രൂപയാണ് മുട്ടം-കരിങ്കുന്നം സമ്പൂർണ പദ്ധതിക്കായി വേണ്ടിവരുന്നത്. നബാർഡിന്റെയും ജൽ ജീവൻ മിഷന്റെയും ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. ഇതിലേക്കായി 61 കോടി വീതം ഇരുവിഭാഗങ്ങളിൽനിന്ന് അനുവദിച്ചിട്ടുണ്ട്. നിലവിലെ മാത്തപ്പാറയിലെ പമ്പ്ഹൗസ് നിലനിർത്തി കുതിരശക്തി കൂടിയ മോട്ടോറുകൾ സ്ഥാപിക്കും. ഇവിടെ നിന്ന് പെരുമറ്റത്തിന് സമീപം നിർമിക്കുന്ന ശുചീകരണ ശാലയിലേക്ക് വെള്ളം പമ്പ് ചെയ്യും.
ശുചീകരണ ശേഷം ഇവിടെ നിന്ന് കൊല്ലംകുന്ന്, കാക്കൊമ്പ്, കണ്ണാടിപ്പാറ, പൊന്നംതാനം, വടക്കുംമുറി, നെല്ലാപ്പാറ, കുരിശുപാറ, പെരിങ്കോവ്, വള്ളിപ്പാറ കുടയത്തൂർ എന്നിവിടങ്ങളിലെ ടാങ്കുകളിലേക്ക് വെള്ളം എത്തിക്കും. ഇതിൽ കൊല്ലംകുന്ന്, മടത്തിപ്പാറ ഉൾപ്പെടെയുള്ള ടാങ്കുകൾ നവീകരിക്കുമ്പോൾ ഒമ്പത് ടാങ്കുകൾ പുതിയതായി നിർമിക്കും.
മുട്ടം-കരിങ്കുന്നം കുടിവെള്ള പദ്ധതിയാണെങ്കിൽ കൂടി ഒരു കണക്ഷൻ കുടയത്തൂരിലേക്കും നൽകുന്നുണ്ട്. പുതിയ ട്രീറ്റ്മെന്റ് പ്ലാന്റിനോപ്പം പൈപ്പ് ലൈനുകളും വലിച്ച് ഒമ്പത് പുതിയ ടാങ്കുകളും നിർമിച്ച് വേണം പദ്ധതി യാഥാർഥ്യമാക്കാൻ. പഴയ ടാങ്കുകൾ നവീകരിക്കുകയും ബലപ്പെടുത്തുകയും ചെയ്യണം.
കുടിവെള്ള ക്ഷാമത്തിന് ശാശ്വതപരിഹാരം ലക്ഷ്യം
എം.വി.ഐ.പിയിൽനിന്ന് ഏറ്റെടുത്ത പെരുമറ്റത്തെ 60 സെന്റ് സ്ഥലത്താണ് ശുചീകരണ പ്ലാന്റ് നിർമിക്കുന്നത്. പ്രതിദിനം 11 ദശലക്ഷം ലിറ്റർ ജലം ശുചീകരിക്കാൻ കഴിയുന്ന പ്ലാന്റ് നിർമിക്കാൻ ചെലവാകുന്നത് 11 കോടി 35 ലക്ഷം രൂപയാണ്. നബാർഡ് ഫണ്ട് ഉപയോഗിച്ചാണ് ട്രീറ്റ് പ്ലാന്റ് നിർമിക്കുന്നത്. മൂലമറ്റം നിലയത്തിൽനിന്ന് വൈദ്യുതി ഉൽപാദനശേഷം മലങ്കര ജലാശയത്തിലേക്ക് പുറംതള്ളുന്ന ജലമാണ് പ്ലാന്റിലേക്ക് എടുക്കുക. ഇത് ശുചീകരിച്ച് കുടയത്തൂർ, മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളിലേക്ക് വിതരണം ചെയ്യും.
വർഷം മുഴുവൻ മലങ്കര ജലാശയം ജലസമൃദ്ധമായതിനാൽ ജലലഭ്യത പ്രതിസന്ധി സൃഷ്ടിക്കില്ല. വേനൽ കടുക്കുമ്പോൾ മത്തപ്പാറ, കണ്ണാടിപ്പാറ, കരിക്കനാംപാറ, മുഞ്ഞനാട്ട്കുന്ന്, കൊല്ലംകുന്ന് പ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം ഉണ്ടാകാറുണ്ട്.
ഇതിന്റെ പേരിൽ പലപ്പോഴും സംഘർഷവും പഞ്ചായത്തിലേക്കും ജലസേചന വകുപ്പ് ഓഫിസിലേക്കും പ്രതിഷേധവും സംഘടിപ്പിക്കാറുണ്ട്. കുടിവെള്ള പദ്ധതി യാഥാർഥ്യമാകുന്നതോടെ ഇതിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. എന്നാൽ, പ്രവൃത്തികൾ ഇഴയുന്നത് ഇവരിൽ ആശങ്കയുയർത്തുകയാണ്.