മരുന്നും ഡോക്ടറുമില്ല; മുട്ടം സർക്കാർ ആശുപത്രിക്ക് വേണം ചികിത്സ
text_fieldsമുട്ടം: മുട്ടം ഗവ. ആശുത്രിയിലെ ഡോക്ടർമാരുടെയും മരുന്നിന്റെയും കുറവ് ജനത്തെ ദുരിതത്തിലാക്കുന്നു. നാല് ഡോക്ടർമാരുള്ള ഇവിടെ പരമാവധി രണ്ടു ഡോക്ടർമാരുടെ സേവനം മാത്രമാണ് രോഗികൾക്ക് ലഭിക്കുന്നത്. ഒരു ഡോക്ടർ പരിക്കേറ്റ് ചികിത്സയിലായതിനാൽ ആശുപത്രിയിൽ എത്തുന്നില്ല. മെഡിക്കൽ ഓഫിസറുടെ ചുമതല ഉള്ളതിനാൽ ഒരാൾ രോഗികളെ ചികിത്സിക്കുന്നില്ല. ബാക്കി രണ്ടുപേർ. ഇതിൽ ഒരാൾ നാളുകളായി അവധിയിൽ.
300 വരെ രോഗികൾ ദിനംപ്രതി എത്തുന്ന ആശുപത്രിയുടെ അവസ്ഥയാണിത്. മരുന്ന് വാങ്ങാൻ രോഗികൾ മണിക്കൂറുകൾ ക്യൂ നിൽക്കേണ്ട അവസ്ഥയാണ്. 200 ലധികം രോഗികളെ ചികിത്സിക്കേണ്ടി വരുന്ന ഡോക്ടർമാരും ഉച്ച കഴിയുമ്പോൾ അവശരാവുകയാണ്. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ഒ.പി ഉച്ചക്ക് രണ്ടോടെ അവസാനിപ്പിക്കും.
ശേഷം ചികിത്സക്ക് എത്തുന്നവർ മറ്റ് സ്വകര്യ അശുപത്രികളെ ആശ്രയിക്കേണ്ട ദുരവസ്ഥയുമുണ്ട്. രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാല് വരെ ഡോക്ടടറുടെ സേവനം ഉണ്ടായിരിക്കുമെന്ന് പുറത്ത് ബോർഡ് വെച്ചിട്ടുണ്ട്. മാസത്തിൽ ചുരുക്കം ദിവങ്ങളിൽ മാത്രമാണ് ഈ സേവനം ലഭിക്കുന്നത്. രണ്ടുമണിക്ക് ശേഷം എത്തുന്ന രോഗികൾക്ക് ലഭിക്കുന്ന മറുപടി ഡോക്ടർമാർ അവധിയിലായതിനാൽ ഉച്ചക്കുശേഷം ഒ.പിയില്ല എന്നാണ്.
ആശുപത്രിയിൽ എത്തുമ്പോൾ മാത്രമാണ് അവധിയാണെന്ന് അറിയുന്നത്. നിരന്തരം ഉച്ചക്ക് ശേഷമുള്ള ഒ.പി മുടക്കിയാൽ ക്രമേണ രോഗികൾ ഇവിടേക്ക് എത്താതാകും. ഉച്ചക്ക് ശേഷം ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്തതിനാൽ കിടത്തി ചികിത്സയും ഇല്ല. ഡോക്ടർമാർ അവധിയിൽ പ്രവേശിക്കുമ്പോഴും മറ്റ് ചുമതലകൾ അവർക്ക് ലഭിക്കുമ്പോഴുമാണ് ഉച്ചക്ക് ശേഷമുള്ള ഒ.പി ഒഴിവാക്കുന്നത് എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
പകുതിയിൽ അധികം മരുന്നും പുറത്തെ മെഡിക്കൽ സ്റ്റോറുകളിൽ നിന്നു വേണം വാങ്ങാൻ. ഫണ്ട് ലഭിക്കാത്തതിനാൽ പാലിയേറ്റിവ് കെയർ പദ്ധതിയും അവതാളത്തിലാണ്. കഴിഞ്ഞ മാസം വരെ സാമൂഹികാരോഗ്യ കേന്ദ്രമായിരുന്ന ആശുപത്രി നിലവിൽ പ്രാഥമികാരോഗ്യ കേന്ദ്രമായി ചുരുങ്ങുകയും ചെയ്തു. ബ്ലോക്കിന് കീഴിൽ ഒരു കമ്യൂണിറ്റി സെന്റർ വേണമെന്ന നയത്തെത്തുടർന്നാണ് മുട്ടം കമ്യൂണിറ്റി സെന്റർ ഇളംദേശം ബ്ലോക്കിലേക്ക് മാറ്റിയത്.


