മുട്ടം ഗവ. ആശുപത്രിക്ക് 3.5 കോടിയുടെ കെട്ടിട സമുച്ചയം; നടപടികൾക്ക് വേഗം പോരാ
text_fieldsകാലപ്പഴക്കംചെന്ന കെട്ടിടങ്ങൾ
മുട്ടം: മുട്ടം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട നിർമാണ ജോലികൾക്ക് വേഗം പോരെന്ന് ആക്ഷേപം. പ്രതിദിനം നൂറുകണക്കിന് രോഗികൾ എത്തുന്ന ആശുപത്രിക്ക് ബഹുനില കെട്ടിട സമുച്ചയം പണിയാൻ 3.5 കോടിയുടെ പദ്ധതിയാകുന്നുവെന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ട് വർഷം രണ്ടായി.
കേന്ദ്ര പദ്ധതിയായ ജൻ വികാസ് കായിക്രമം പദ്ധതിയിൽ ഉൾപ്പെടുത്തി സാമ്പത്തിക സഹായം ലഭ്യമാക്കും എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. 3.5 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയാറാക്കി സംസ്ഥാന സർക്കാറിന്റെ അംഗീകാരത്തിനായി രണ്ട് വർഷം മുമ്പ് സമർപ്പിച്ചിരുന്നതാണ്. കലക്ടർ അധ്യക്ഷനായ ജില്ല സമിതി അംഗീകാരവും നൽകിയിരുന്നു. 40 ശതമാനം വിഹിതം കേരളവും 60 ശതമാനം തുക കേന്ദ്രവും വഹിക്കുന്നതാണ് പദ്ധതി.
ലോറേഞ്ചിൽ താലൂക്ക് ആശുപത്രി ഇല്ല
തൊടുപുഴ ജില്ല ആശുപത്രിയായി ഉയർത്തിയതോടെ ലോറേഞ്ചിൽ താലൂക്ക് ആശുപത്രി ഇല്ലാതായി. കിടത്തിച്ചികിത്സ ഇപ്പോൾ ജില്ല ആശുപത്രിയിൽ മാത്രമാണുള്ളത്. മുട്ടത്ത് കിടത്തിച്ചികിത്സ ഇല്ലാത്തതിനാൽ കൂടുതൽ ആളുകൾ ഇപ്പോൾ ജില്ല ആശുപത്രിയെയാണ് ആശ്രയിക്കുന്നത്.
താലൂക്ക് ആശുപത്രിയായി ഉയർത്തണം
അറക്കുളം, കുടയത്തൂർ, വെള്ളിയാമറ്റം, കരിങ്കുന്നം പഞ്ചായത്തിലെ രോഗികൾക്ക് സൗകര്യപ്രദമായ രീതിയിൽ മുട്ടം കമ്യൂണിറ്റി ഹെൽത്ത് സെന്റർ താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന ആവശ്യം ഉയരുന്നു. നൂറുകണക്കിനു രോഗികൾ ദിവസേന തൊടുപുഴ ജില്ല ആശുപത്രിയിലും സ്വകാര്യ ആശുപത്രികളെയും ആശ്രയിക്കേണ്ടിവരുന്നു. മുട്ടത്ത് നിലവിൽ സിവിൽ സർജൻ അടക്കം നാല് ഡോക്ടർമാരുണ്ട്. മുട്ടം കമ്യൂണിറ്റി ഹെൽത്ത് സെന്റർ താലൂക്ക് ആശുപത്രിയായി ഉയർത്തിയാൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകും.