പോളിടെക്നിക് ഗ്രൗണ്ട്സി ന്തറ്റിക് ആക്കുമെന്നത് പ്രഖ്യാപനത്തിലൊതുങ്ങി
text_fieldsപോളിടെക്നിക് ഗ്രൗണ്ട്
മുട്ടം: പൊതുകളിക്കളങ്ങൾ സ്ഥാപിക്കുമെന്ന സർക്കാർ വാഗ്ദാനം പ്രഖ്യാപനത്തിലൊതുങ്ങി. പ്രഖ്യാപനം യാതാർഥ്യമാക്കാൻ ഊർജിത ശ്രമം ഇല്ലെന്നാണ് പരാതി. പൊതുകളിക്കളങ്ങൾ ഇല്ലാത്തിനാൽ കായികതാരങ്ങൾ പണം മുടക്കി സ്വകാര്യ കളിക്കളങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയാണ് നിലവിൽ. മുട്ടം പോളിടെക്നിക് അധീനതയിലുള്ള ഗ്രൗണ്ട് സിന്തറ്റിക് ട്രാക്ക് ആക്കാൻ ശ്രമം നടത്തിയെങ്കിലും യാഥാർഥ്യമാക്കാൻ കഴിഞ്ഞില്ല. പി.ജെ. ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ വർഷങ്ങൾക്ക് മുമ്പ് അതിനുള്ള നടപടികൾ ആരംഭിച്ചതാണ്. എന്നാൽ, പോളിടെക്നിക് അധികൃതർ അനുകൂല നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.
സ്പോർട്സ് കൗൺസിലും ശ്രമം നടത്തിയെങ്കിലും അതിനും അധികാരികൾ അനുമതി നൽകിയില്ല. ഗ്രൗണ്ട് തങ്ങളുടെ കൈവശത്തിൽനിന്ന് പോകുമെന്ന ആശങ്കയാണ് കാരണമന്ന് പറയപ്പെടുന്നു. എന്നാൽ, ഗ്രൗണ്ട് വേണ്ടവിധം സംരക്ഷിക്കാൻ പോളിടെക്നിക് അധികൃതർക്ക് കഴിയുന്നുമില്ലെന്ന് നാട്ടുകാർ പറയുന്നു. ത്രിതല പഞ്ചായത്ത്തലത്തിലും സർക്കാർതലത്തിലും കായികമത്സരങ്ങൾ നടത്താൻ ഗ്രൗണ്ടില്ലാതെ ബുദ്ധിമുട്ടുമ്പോഴാണ് ഈ ദുരവസ്ഥ. പഞ്ചായത്തിന്റെയോ മറ്റോ നേതൃത്വത്തിൽ അവിടെ കായികമത്സരങ്ങൾ നടത്തണമെങ്കിൽ കാടുകൾ വെട്ടിനീക്കാൻ വൻ തുക ചെലവഴിക്കേണ്ട അവസ്ഥയാണ്. കാടുകൾ വെട്ടിയും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും ഗ്രൗണ്ട് ഉപയോഗപ്രദമാക്കണമെന്നാണ് കായികപ്രേമികളുടെ ആവശ്യം.
മഴ പെയ്താൽ ഗ്രൗണ്ടിൽവെള്ളക്കെട്ട്
ചെറിയ ചാറ്റൽ മഴ പെയ്താൽപോലും ഗ്രൗണ്ടിൽ വെള്ളക്കെട്ട് രൂക്ഷമാണ്. വശങ്ങൾ മണ്ണിട്ട് ഉയർത്തിയതോടെ ഗ്രൗണ്ടിന് നടുവിലേക്ക് വെള്ളം ഒഴുകിയെത്തുകയാണ്. ഇതോടെ വിനോദത്തിന് സാധിക്കാത്ത അവസ്ഥയാണ്. ഗ്രൗണ്ട് മണ്ണിട്ട് ഉയർത്തി വശങ്ങളിൽ ഓട നിർമിച്ചാൽ വെള്ളക്കെട്ട് ഒഴിവാക്കാൻ സാധിക്കും.
35 ലക്ഷം മുടക്കി നിർമിച്ചകെട്ടിടം അടഞ്ഞുതന്നെ
പോളിടെക്നിക് ഗ്രൗണ്ട് നവീകരണം എന്ന പേരിൽ 1000 ചതുരശ്ര അടിയിൽ 35 ലക്ഷം രൂപയോളം മുടക്കി കെട്ടിടം നിർമിച്ചെങ്കിലും അടഞ്ഞ് കിടക്കുന്നു. കെട്ടിടം നിർമിക്കാനും മറ്റൊരു കെട്ടിടം അറ്റകുറ്റപ്പണി നടത്താനുമാണ് തുക ചെലവഴിച്ചത്. എന്നാൽ, കെട്ടിടങ്ങൾ ഉപയോഗശൂന്യമായി കിടക്കുകയാണ്. ഗ്രൗണ്ടിൽ ഉയരത്തിൽ കാട് വളർന്നുനിൽക്കുന്ന സ്ഥിതിയാണ്. 900 ലധികം വിദ്യാർഥികൾ പഠിക്കുന്ന കോളജ് ഗ്രൗണ്ടാണ് കാടുകയറിക്കിടക്കുന്നത്.
മതിൽ നിർമിച്ചതോടെ പവിലിയനും ഉപയോഗശൂന്യമായി
കോളജിന് ചുറ്റും എട്ട് അടിയോളം ഉയരത്തിൽ മതിൽ നിർമിച്ചതോടെ പവിലിയനും ഉപയോഗശൂന്യമായി. മുമ്പ് നാട്ടുകാർ ഉൾപ്പെടെ പവിലിയൻ ഉപയോഗിച്ചിരുന്നതാണ്. മതിൽ വന്നതോടെ പവിലിയനിലേക്ക് പ്രവേശിക്കാൻ സാധിക്കുന്നില്ല. ഗ്രൗണ്ടിൽ വിനോദത്തിന് എത്തുന്നവർക്കും പവലിയനിലേക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ടാണ്. നിലവിൽ പവലിയന് ചുറ്റും കാട് വളർന്ന് നിൽക്കുകയാണ്.