സിമൻ്റും കമ്പിയുമില്ലാതെ മണ്ണുകൊണ്ട് നിർമ്മിച്ച വീട്
text_fieldsനെടുങ്കണ്ടം: പരിസ്ഥിതിയെ സംരക്ഷിക്കുക, പ്രകൃതിയോട് ഇണങ്ങി ജീവിക്കുക തുടങ്ങിയ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ട് ഇതാ ഇവിടെ ഒരു ഭവനം. കരുണാപുരം പഞ്ചായത്തിലെ ചെന്നാകുളത്താണ് മാത്യൂസ് ജോർജിന്റെ ഏറെ സവിശേഷതയുള്ള മനോഹരമായ വീട്. 2750 സ്‌ക്വയർ ഫീറ്റിൽ ആധുനിക സൗകര്യങ്ങളോടു കൂടിയാണെങ്കിലും കമ്പിയും സിമന്റും ഒന്നും ഉപയോഗിക്കാതെ നിർമ്മാണം മണ്ണുകൊണ്ടാണെന്നുള്ളതാണ് ഏറെ സവിശേഷത. വീടിന്റെ നിർമ്മാണം പൂർത്തീകരിച്ചത് ഒരു വർഷം കൊണ്ടാണ്. മണ്ണ്, മണൽ, കക്ക നീറ്റിയത് എന്നിവ കൂട്ടിച്ചേർത്ത്, കുഴക്കുന്നതിനായി കടുക്ക ശർക്കര എന്നിവ പുളിപ്പിച്ച വെള്ളം ഉപയോഗിച്ചും തികച്ചും പ്രകൃതി സൗഹൃദമായാണ് മാത്യൂസിന്റെ സ്വപ്ന ഭവനം നിർമിച്ചിരിക്കുന്നത്.
കൊടിം ചൂടിലും തണുത്ത അന്തരീക്ഷം നൽകുന്ന വീട്ടിലേക്ക് എ.സിയുടേയോ ഫാനിന്റേയോ പോലും ആവശ്യമില്ല.
വീട് എല്ലാവരുടേയും സ്വപ്നമാണ്. എന്നാൽ വീടും നമ്മുടെ ജീവിതവും ആഡംബരത്തിനു വേണ്ടി ആവരുതെന്ന് ചിന്തിക്കുകയും ആ ആശയം ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി പ്രവർത്തിക്കുകയും ചെയ്യുകയാണ് മാത്യൂസ് ജോർജ്. വീട് മാത്രമല്ല കൃഷിയും മാത്യൂസ് ജോർജ് ഒരുക്കിയിരിക്കുന്നത് പ്രകൃതിയോട് ചേർന്ന് നിന്നാണ്. അൽപ്പം പോലും രാസവളം ഇല്ലാത്ത ഏലംകൃഷിക്കായി വെച്ചൂർ പശുക്കളെ വളർത്തി ഇവയുടെ ചാണകവും മൂത്രവുമാണ് ഉപയോഗിക്കുന്നത്. തൊഴുത്ത് നിർമ്മിച്ചിരിക്കുന്നതും സുറുക്കി മിശ്രിതം ഉപയോഗിച്ചാണ്. ആധുനിക കാലഘട്ടത്തിൽ പ്രകൃതിയോട് ഇണങ്ങി തന്നെ ജീവിക്കാൻ കഴിയുമെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. മതിൽക്കെട്ടുകളുടെ അതിർവരമ്പുകൾ ഇല്ലാതെ മനുഷ്യ സ്‌നേഹത്തിലൂടെ ആ സന്ദേശമാണ് ഇദ്ദേഹം ലോകത്തിന് പകർന്നു നൽകുന്നത്